Tuesday, January 28, 2025
HomeFabric Factsകേരളത്തിന്‌ പ്രിയപ്പെട്ട കലംകാരി തേടി…

കേരളത്തിന്‌ പ്രിയപ്പെട്ട കലംകാരി തേടി…

ക്ഷേത്ര നഗരമായ തിരുപ്പതിയിൽ നിന്നും ശ്രീകാള ഹസ്തിയിലേക്കുള്ള യാത്ര
കൃഷി ഭൂമികളുടെ മധ്യത്തിലുള്ള
ഹൈവേയിൽ കൂടിയാണ്. ഇടയ്ക്കിടെ കാറിന്റെ മുന്നിലേക്കെത്തുന്ന ആട്ടിൻ പറ്റങ്ങൾ.കൃഷിയിടങ്ങളിൽ വിയർപ്പൊഴുക്കുന്ന കർഷകർ .ഇരുവശത്തും തഴച്ചു വളരുന്ന വിളകൾ..

ഈ യാത്ര തുണികളിൽ കൈ കൊണ്ട് ചിത്രങ്ങൾ വരയുന്ന കലംകാരി കലാകാരന്മാരെ തേടിയുള്ളതാണ്.
ക്ഷേത്ര നഗരിയായ
ശ്രീ കാളഹസ്തിയിലാണ് ഇവ പിറവി എടുക്കുന്നത് .
കലം’ എന്നാൽ പേന എന്നും ‘കാരി എന്നാൽ ഹസ്തകല എന്നും അർത്ഥം.
ആന്ധ്രയിലെ നാടോടി ഗായകർ ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് പാടിപ്പറഞ്ഞ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കഥകൾ പിന്നീട് ചിത്രരൂപത്തിൽ എത്തിയതാണ് കലംകാരി ചിത്രകല എന്നും പറയപ്പെടുന്നു.

പല്ലം എന്ന സ്ഥലത്തു നിന്നും
ശ്രീകാള ഹസ്തിയിലേക്ക് തിരിഞ്ഞു.
ഗ്രാമത്തിന്റെ നാട്ടുപാതയാണ്. കൃഷി ഭൂമിയ്ക്കിടയിൽക്കൂടി പോകുന്ന വീതികുറഞ്ഞ റോഡ്. മുന്നിൽ ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്‌പോർട് കോർപറേഷന്റെ ബസ് പോകുന്നുണ്ട്. ഭയന്നത് പോലെ തന്നെ സംഭവിച്ചു. ഒരു വലിയ കൃഷി യന്ത്രവുമായി വന്ന വണ്ടി റോഡിൽ കുടുങ്ങി. അതോടെ വിശാലമായ കൃഷിയിടങ്ങൾക്ക് നടുവിലെ ഗ്രാമപാതയിൽ,
പൊൻ നിറമുള്ള നാട്ടുവെളിച്ചത്തിൽ വണ്ടികളുടെ ഒരു നിര തന്നെ രൂപപ്പെട്ടു.
അല്പസമയം വലിയ ഗതാഗതകുരുക്കുണ്ടാക്കി അവസാനം കർഷകരുടെ കൂട്ടായ്മ തന്നെ ആ കുരുക്കഴിച്ചെടുത്തു തന്നു .
വീണ്ടും യാത്ര.

മുൻകൂട്ടി റൂം ബുക്ക്‌ ചെയ്യാത്തതിനാൽ ആശങ്കയോടെയാണ് മുന്നോട്ടുള്ള പോക്ക്..
നാട്ടു വഴി പിന്നിട്ട്ഞങ്ങൾ ക്ഷേത്ര നഗരിയിലേക്കുള്ള വഴിയിലെത്തി.

വിനായക ചതുർത്ഥിയുടെ ആഘോഷങ്ങൾ നടക്കുന്ന തെരുവ്. കോലമിട്ട വീടുമുറ്റങ്ങൾ..
തട്ടുപൊളിപ്പൻ പാട്ടിന്റെ നടുക്ക് അലങ്കാര ഭൂഷകളാൽ കുമ്പ നിറഞ്ഞ ഗണപതി വിഗ്രഹങ്ങൾ…
രാത്രിയെ പകലാക്കി കത്തുന്ന അലങ്കാരവിളക്കുകൾ. കാർ നിർത്തി ആദ്യം കണ്ട ഗ്രാമവാസിയോട് കലംകാരിയുടെ ഗ്രാമം ഇവിടെ അടുത്താണോ എന്ന ചോദ്യത്തിൽ തന്നെ ഉത്തരം വന്നു.
പുറകോട്ട് കൈ ചൂണ്ടി അയാൾ ബോർഡ്‌ കാട്ടി തന്നു. റ്റി.പി അഗ്രഹാരം..
നന്നായി. നാളെ ഒരു പകൽ ഇവിടെ തന്നെ ആണ്.

ക്ഷേത്രം മലമുകളിൽ വെള്ളി വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു. താമസിക്കാൻ റൂം കിട്ടിയതോടെ ആന്ധ്രാ ഇഡ്ഡലിയും തട്ടി കിടക്കയിലേക്ക് ചാഞ്ഞു.

പൂർവ ഘട്ടത്തിൽ നിന്നും ഉദ്ഭവിക്കുന്ന പെന്നാർ നദിയുടെ പോഷക നദിയായ സ്വർണ്ണമുഖിയുടെ തീരത്താണ്
കാളഹസ്തി. തെരുവിന്റെ ഒട്ടും ശ്രദ്ധിക്കപ്പെടാത്തയിടത്തിലാണ് ഈ ലോകപ്രശസ്തമായ ഹസ്തകല പിറന്നു വീഴുന്നത്. ഈ ക്ഷേത്രസമുച്ചയം ധാരാളം കലാകാരന്മാർക്ക് പ്രചോദനമായ ഒന്നാണ്. ക്ഷേത്രത്തിന്റെ മേലാപ്പുകളിലും രഥത്തിലും നടത്തിയ ചിത്രരചന പിന്നീട് ഫാഷന്റെ അകത്തളങ്ങളിലേക്ക് എത്തിച്ചേർന്നു.
മോഹൻജെദാരോയിൽ നിന്നും കലംകാരിയുടെ ആദിമ രൂപങ്ങൾ പുരാവസ്തു വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.നൂറ്റാണ്ടുകൾ പഴക്കമുള്ള ലേപക്ഷി ക്ഷേത്രത്തിന്റെ മകുടങ്ങളിൽ ഈ ഹസ്തകലയുടെ ശേഷിപ്പുകളുണ്ട് .

ദക്ഷിണ കാശി എന്നറിയപ്പെടുന്ന
ശ്രീകാള ഹസ്തി രാഹു കേതു പൂജയ്ക്ക് പ്രശസ്തമാണ്. ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിൽ ആണ് ശ്രീകാള ഹസ്തി .
അഞ്ചാം നൂറ്റാണ്ടിലെ പല്ലവകാലത്തെ ക്ഷേത്രമാണിത് എന്ന് പറയപ്പെടുന്നു. ചോള രാജാക്കന്മാർ ക്ഷേത്രത്തെ പുതുക്കിപ്പണിഞ്ഞു. വിലാസിനി നാട്യമാണ് ക്ഷേത്രത്തിലെ പ്രധാന കലാരൂപം.

മൊട്ടയടിച്ച തലകളും മുല്ലപ്പൂ മാലകളും കണ്ടു കണ്ടു ഒരു ദർശനം..
ക്ഷേത്രദർശനം കഴിഞ്ഞെത്തിയത് നേരെ അഗ്രഹാരം തെരുവിലേക്കാണ്.
വാതിൽപ്പടികളിരുന്നു വിനായക ചതുർത്ഥിയുടെ മധുരങ്ങൾ കഴിച്ചു കുശലം പറഞ്ഞിരിക്കുന്ന സ്ത്രീകൾ. കോലങ്ങൾ നിറഞ്ഞ മുറ്റങ്ങൾ. മൈക്കിൽ കൂടി ഉഗ്രൻ തെലുങ്ക് സിനിമാപാട്ടുകൾ. അതി സാധാരണമായ ഒരു തെരുവ്.

കലംകാരി യൂണിറ്റിന്റെ ഉടമ രാജലക്ഷ്മി സ്നേഹത്തോടെ സ്വീകരിച്ചു. സഹായി ലത നിവർത്തിയിട്ട വലിയ സാരിയിൽ ചിത്രപ്പണിയിലാണ്. മുളംതണ്ടിൽ തുണി ചുറ്റിയ പേന ചായക്കൂട്ടുകളിൽ മുക്കി അതീവ സൂക്ഷ്മമായ വരപ്പ്. കോവിഡ് പാൻഡെമിക് ഈ വ്യവസായത്തിന് വലിയ പരിക്കേൽപ്പിച്ചു. അൻപത് സഹായികൾ വരെ ഉണ്ടായിരുന്നയിടത്ത് വെറും അഞ്ചു പേർ മാത്രം.
ഏതാണ്ട് 3000 വർഷത്തോളം പഴക്കമുള്ള ഈ കല ഇന്നും സജീവമായി നിൽക്കുന്നത് കാണുമ്പോഴുള്ള ആത്മഹർഷം ഒന്ന് വേറെ തന്നെയാണ്.

അഹമ്മദാബാദിൽ നിന്നും സൂറത്തിൽ നിന്നുമുള്ള വെള്ള ചന്ദേരി തുണികൾ കൊറിയർ വഴി വന്നു കിടക്കുന്നത് രാജലക്ഷ്മി കാട്ടി തന്നു. അതിമനോഹരമായ ചിത്രപ്പണികൾ അവയെ കാത്തിരിക്കുന്നുവെന്ന് ഞാനോർത്തു.

ആറടി നീളത്തിൽ മനോഹരമായ ഒരു സാരി നിവർത്തി അവർ എന്നെ മോഹിപ്പിച്ചു. വെറും 35000/ രൂപ മാത്രമെന്നു കേട്ടതോടെ രണ്ടു ചിത്രമെടുത്തു ഞാൻ തൃപ്തിപ്പെട്ടു.
കുടുംബത്തിലെ കലാകാരന്മാർക്ക് കിട്ടിയ നിരവധി അവാർഡുകൾ അവർ കാട്ടിത്തന്നു. ഓറഞ്ചിൽ ഇലകളും പൂക്കളും നിറഞ്ഞ ഒരു ചന്ദേരി സിൽക്ക് തുണി ഞാൻ തിരഞ്ഞെടുത്തു. തുണിയിൽ നിന്നുമുയരുന്ന എരുമപ്പാലിന്റെ പ്രാചീനമായ ഗന്ധം.
700/ രൂപ മുതൽ തുടങ്ങുന്നു കലംകാരി തുണികളുടെ വില.

“ഇതൊരു നീണ്ട പ്രക്രിയയാണ്.
ഇതിനു ആവശ്യം ക്ഷമയാണ്.
ഒരു ദുപ്പട്ട നിർമിക്കാൻ തന്നെ ഒരു മാസം വേണ്ടുന്ന കല”
രാജലക്ഷ്മി വാചാലയായി.

മണ്ണുമായും ഭൂമിയുമായും ബന്ധമുള്ള നിറങ്ങളും മഹാഭാരതത്തിലെയും രാമായണത്തിലെയും ഭാഗവതത്തിലെയും കഥകളും ആറടി നീളമുള്ള ക്യാൻവാസിലേക്ക് ലയിപ്പിച്ചു ലഭിക്കുന്ന കലംകാരി സാരി അതിമനോഹരമായ ഒരു കലാവസ്തുവാണ്. ശരീരത്തിന് ദോഷമുണ്ടാക്കുന്ന ഒരു രാസവസ്തുക്കളും ഉപയോഗിക്കാത്തതിനാൽ കലംകാരിയ്ക്കു ലോകവിപണിയിൽ നല്ല ഡിമാൻഡ് ആണ്.
ജർമ്മനി, നെതർലാന്റ്,
ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം കലംകാരിയുടെ പ്രശസ്തി എത്തിയിട്ടുണ്ട്.
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും ആംസ്റ്റർഡാമിലെ
മ്യൂസിയത്തിലും കലംകാരി സ്ഥാനം പിടിച്ചിട്ടുണ്ട്.

കലംകാരി ചിത്രവേല രണ്ടു തരത്തിലുണ്ട്. ശ്രീകാളഹസ്തി ശൈലിയും മച്ചലിപട്ടണം ശൈലിയും.

മച്ചലിപട്ടണം രീതി അല്പം തത്വചിന്തകൂടി കലർന്നതാണ് .വൃക്ഷത്തിന്റെ ജീവിതചക്രം ,പൂക്കൾ ,പക്ഷികൾ,കുതിര, മയിൽ ,ഇതെല്ലം ഇവിടെ ചിത്രങ്ങളായി പുനർജനിക്കുന്നു.
ഡെക്കാൻ സുൽത്താന്മാരും മുഗൾ രാജാക്കന്മാരും തങ്ങളുടെ കൊട്ടാരങ്ങളെ അലങ്കരിക്കാൻ മച്ചലി പട്ടണം കലംകാരി കാർപെറ്റുകൾ ഉപയോഗിച്ചിരുന്നു.കോറമാൻഡൽ പ്രവിശ്യയിലും ഗോൽക്കൊണ്ടയിലും ഈ കല പ്രശസ്തമായിരുന്നത്രെ.
ആന്ധ്രയുടെ ഭൗമ സൂചികയിൽ ഇടം പിടിച്ച കരകൗശലവേലയാണിത്.ബ്ലോക്ക് പ്രിന്റുകളാണ് ഇവിടുത്തെ പ്രത്യേകത.

ഇറാനിൽ നിന്നാണ് ഈ കല എത്തിയതെന്ന് പറയപ്പെടുന്നു.പേർഷ്യൻ മോട്ടിഫുകൾ ഭാരതീയ കഥകളുമായി ലയിച്ചുണ്ടായ ശൈലി .പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ
കച്ചവടത്തിനായി കടൽ കടന്നെത്തിയ ഇറാനികൾ ഈ തുണിത്തരങ്ങൾ വലിയ തോതിൽ വാങ്ങുകയും മറ്റു രാജ്യങ്ങളിൽ വിപണനം നടത്തുകയും ചെയ്തിരുന്നു.
ദൂരരാജ്യങ്ങളുമായുള്ള പഴയകാല കച്ചവടബന്ധങ്ങളുടെ അനുരണനങ്ങളാണ് കലംകാരി ശൈലിയിലുള്ളത് .
വിജയ നഗര രാജാവായിരുന്ന കൃഷ്ണ
ദേവരായരുടെ കാലത്ത് ഈ കല പ്രജകളെ അഭ്യസിപ്പിച്ചിരുന്നു.

ജീവന്റെ വൃക്ഷം എന്ന കലംകാരി മോട്ടിഫ് വളരെ മനോഹരമാണ്.ആകാശത്തേക്ക് ആർത്തു വളരുമ്പോഴും മണ്ണിനെ പുണർന്നു നിൽക്കുന്ന വേരുകൾ..ഭൂമിയും ആകാശവും ഭൂമിയുടെ അകക്കാമ്പുമെല്ലാം നിറഞ്ഞു നിൽക്കുന്ന ജീവൻ തുടിക്കുന്ന വൃക്ഷം.

ശ്രീകാളഹസ്തി ശൈലി ഭക്തിമയമാണ്. രാമായണവും മഹാഭാരതവുമാണ് ഇതിവൃത്തം .
മണ്ണുമായും ഭൂമിയുമായും ബന്ധമുള്ള നിറങ്ങളും മഹാഭാരത്തിലെയും രാമായണത്തിലെയും ഭാഗവതത്തിലെയും കഥകളും ആറടി നീളമുള്ള കാൻവാസിലേക്ക് ലയിപ്പിച്ചു ലഭിക്കുന്ന കലംകാരി സാരി അതിമനോഹരമായ ഒരു കലാവസ്തുവാണ് .
ശരീരത്തിന് അപകടകാരിയായിത്തീരുന്ന ഒരു കെമിക്കലും ഉപയോഗിക്കാത്തതിനാൽ കലംകാരിയ്ക്കു ലോകവിപണിയിൽ നല്ല ഡിമാൻഡ് ആണ് .സ്വാതന്ത്ര്യനന്തരമാണ് ചിറ്റൂരിൽ ഈ കല പ്രചാരത്തിലായത്.

കലംകാരി പ്രിന്റ് ഏതുമായും ഇണങ്ങും. തുകൽ ബാഗുമായി ചേർക്കുമ്പോൾ അനിതര സാധാരണമായ ഒരു ആർട്ട്‌ പീസ് ആയും പട്ടു വസ്ത്രങ്ങളിൽ ചെയ്യുമ്പോൾ ലോകത്തിന്റെ കണ്ണുകൾ തന്നെ നിങ്ങളിലേക്കെത്തിയേക്കുന്ന ഒരു ഔട്ട്‌ ഫിറ്റ്‌ ആയും അത് മാറുന്നു.

ഏതാണ്ട് 23 ഓളം പ്രക്രിയ കഴിഞ്ഞാണ് ഓരോ സുന്ദര വസ്ത്രവും നമ്മുടെ മുന്നിലേക്കെത്തുന്നത്.

ചന്ദേരി തുണിയോ പരുത്തി വസ്ത്രമോ ആദ്യം പശ കളഞ്ഞു കഴുകി മണൽപ്പുറത്തു വിരിച്ചുണക്കുന്നു .ശേഷം എരുമപ്പാലും ചാണകവും കാരയ്ക്കാ പൊടിയും കലർന്ന മിശ്രിതത്തിൽ മണിക്കൂറുകൾ കുതിർക്കുന്നു.
പാൽ ഒരു മെഴുക് പോലെ പ്രവർത്തിച്ച് നിറങ്ങൾ ഇടകലരാതെ കാക്കുന്നു.
യഥാർത്ഥ കലംകാരിയുടെ ചായമിളകാത്തതിന്റെ പ്രധാന കാരണം എരുമപ്പാലിന്റെ വെണ്ണ മെഴുക്കാണ്.

തണലിൽ ഉണങ്ങിയ തുണികളിൽ പുളിവിറകു കത്തിച്ച കരിക്കട്ട കൊണ്ട്ചിത്രങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നു. പുളി കത്തിച്ചു കിട്ടുന്ന കരിക്കഷണങ്ങൾക്ക് കൂടുതൽ ദൃഢത ഉള്ളതിനാലാണ് ഇവ ഉപയോഗിക്കുന്നത്

കരിക്കട്ടകൾ കത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ അതിന്റെ പുറകെ ഒരല്പം മണൽ ഇടുന്നതോടുകൂടി അത് നല്ല ഉറപ്പുള്ള കരിക്കട്ടയായി മാറുന്നു
പടിക്കാരം ഉപയോഗിച്ച് തുണിയിൽ നിറം വേണ്ടയിടത്തു വരയ്ക്കുന്നു.

മുളന്തണ്ടിൽ തുണി ചുറ്റി പേന പോലെ പിടിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത് .
ഇവിടെയുള്ള കാടുകളിൽ ലഭ്യമായ സുരുട് ചക്കയുടെയും സേവൽക്കൊടിയുടെയും വേര് പൊടിച്ചത് ഇരുമ്പ് പാത്രത്തിലിട്ടു തുണിയും ചേർത്ത് പുഴുങ്ങുമ്പോൾ ചുവപ്പ് നിറം ലഭിക്കും.

കറുത്ത നിറം ലഭിക്കാൻ ശർക്കരയും പനം ചക്കരയും വെള്ളവും ഇരുമ്പ് പാത്രത്തിലിട്ടു വയ്ക്കുന്നു .നീലയമരി ചെടി സത്തയാണ് ഇൻഡിഗോ ബ്ലൂ നിറത്തിന്റെ ഉറവിടം.കാരയ്ക്ക പൂവും പടിക്കാരവും ചേരുമ്പോൾ മഞ്ഞ.മാതളനാരങ്ങാ ഉപയോഗിച്ച് കടും മഞ്ഞ ഉണ്ടാക്കുന്നു.
പ്രാഥമിക നിറങ്ങളെ കൂട്ടിക്കലർത്തി ദ്വിതീയ വർണ്ണങ്ങൾ നിർമ്മിക്കുന്നു.ദൈവങ്ങൾക്കു പ്രധാനമായും നീല നിറം നൽകുന്നു. സ്ത്രീ കഥാപാത്രങ്ങൾ മഞ്ഞയിലാണ്.അതിനു ശേഷം ഉണക്കി തേച്ചു തുണികൾ വൃത്തിയാക്കുന്നു.
അതോടെ നിറങ്ങൾ സുന്ദരമായി ലയിച്ചു ചേർന്ന ഒരു കലാമൂല്യമേറിയ വസ്തു ജനിക്കുന്നു.

അമിതമായ ചൂട് നിറങ്ങളെ പടർത്തി നശിപ്പിക്കും. മഴവെള്ളം നിറങ്ങളുടെ രൂപരേഖകൾ മായ്ച്ചു കളയും. അത് കൊണ്ട് തന്നെ കാലാവസ്ഥയുടെ മാറ്റങ്ങളും ഈ കലയെ ബാധിക്കുന്നുണ്ട്.

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് എത്രയോ അനുയോജ്യമായ വസ്ത്രമാണ് കലംകാരി
ശ്രീ വെങ്കിടേശ്വര ഇൻസ്റ്റ്യൂട്ട് ഓഫ് ട്രഡീഷണൽ സ്കൾപ്ചർ ആൻഡ്
ആർക്കിടെക്ചർ
കലംകാരി എന്ന കൈത്തൊഴിലിന് പരിശീലനം നൽകുന്നുണ്ട്.

വേനൽക്കാലത്തെ വെള്ളമില്ലായ്മയും സ്വർണ്ണമുഖി നദിയിലെ വരൾച്ചയും ഹസ്തകല ചെയ്യുന്ന കലാകാരന്മാരുടെ ലഭ്യതക്കുറവും ഈ കലയെ തളർത്തിക്കൊണ്ടിരിക്കുന്നു.
ഗവണ്മെന്റ്
സബ്‌സിഡി നൽകി ഈ കലയെ പുണരുജ്ജീവിപ്പിക്കണം എന്നും അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണം എന്നും ഈ കലാകാരന്മാർ ആവശ്യപ്പെടുന്നുണ്ട്.

തിരികെ ഇറങ്ങുമ്പോൾ മുറ്റത്തെ ടാങ്കിൽ കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിൽ ചിത്രപ്പണികൾ കഴിഞ്ഞ തുണിത്തരങ്ങളുടെ കഴുകി എടുക്കൽ നടക്കുന്നു. കേടു വന്ന പാലിന്റെ മണമുള്ള അന്തരീക്ഷം.
അത്യന്തം ക്ഷമ വേണ്ടുന്ന ജോലി.
തിരക്കേറിയ പുറം ലോകത്തിൽ നിന്നും ചില ഒറ്റപ്പെട്ട കാഴ്ചകൾ.

Distance from Cochi 720 Kilometres
Distance from Tirupati: 36 Kilometres
Trip Duration: One Day

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Read the article at  https://stories.impresa.in