കണ്ണൂരിലെ തെയ്യക്കാഴ്ചകളിൽ കണ്ടനാർ കേളൻ വേറിട്ട് നിൽക്കുന്നുണ്ട്. മുത്തശ്ശിക്കഥ പോലെ കുഞ്ഞുന്നാളിൽ കേട്ട് വരുന്ന കേളനെ കുട്ടികൾക്ക് തെയ്യാട്ട സമയത്തു കണ്ടു നിൽക്കാൻ പേടിയുണ്ടാവാറില്ല. കർഷകനായി ജനിച്ചു വളർന്നു തെയ്യമായി , ദൈവമായി മാറിയ കഥ കേട്ടുറങ്ങിയ , ഉത്സവങ്ങളിൽ അവനെ കണ്ടു ആഗ്രഹം പറയുന്ന ഒരു തലമുറയുണ്ട്.
കണ്ടനേര മതിദിവ്യനും
കാര്‍മ്മുകാഗ്രമതുകൊണ്ടുകായ-
ചാമ്പലും തട്ടിനോക്കിനാൻ
അന്നു കണ്ടതുകൊണ്ട് കണ്ടനാര്‍-
കേളനെന്നഥനാമവും.."
എന്ന് തോറ്റം
പയ്യന്നൂരിലെ രാമന്തളിയ്ക്കടുത്തുള്ള കുന്നരു എന്നൊരു കൊച്ചുഗ്രാമത്തിലെ ഒരു തിയ്യത്തറവാടായിരുന്നു മേലേടത്ത്. അവിടത്തെ തറവാട്ടമ്മയായിരുന്നു ചക്കിയമ്മ . കണ്ണെത്താത്ത ദൂരത്തോളം സ്വത്തിനുടമയെങ്കിലും അവർക്ക് മക്കളില്ലായിരുന്നു . കുഞ്ഞില്ലാത്ത വിഷമത്തിൽ സ്വയമുരുകി കഴിഞ്ഞ ചക്കിയമ്മയ്ക്ക് തൻറെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം എന്നാ കാട്ടിൽ വെച്ച് ഒരു ആൺകുഞ്ഞിനെ കളഞ്ഞു കിട്ടി. അവർ അവനു കേളൻ എന്ന് നാമകരണം ചെയ്തു ,സ്വന്തം മകനെപ്പോലെ വളർത്തി.
ആരോഗ്യവാനായി കേളൻ വളർന്നു വന്നു. അവൻ്റെ ബുദ്ധിയിലും ശക്തിയിലും ചക്കിയമ്മയിലെ മാതാവ് ഊറ്റം കൊണ്ടു . തൻ്റെ അധ്വാനം കൊണ്ട് അവൻ സ്വന്തം കൃഷിയിടങ്ങളിൽ പൊന്ന് വിളയിച്ചു. ചക്കിയമ്മയുടെ അധീനതിയിലായിരുന്ന കുന്നുരു പ്രദേശം കേളൻറെ മിടുക്ക് കൊണ്ട് സമ്പൽസമൃദ്ധിയിലായി. ഇതുപോലെ തൻറെ വയനാട്ടിലുള്ള സ്ഥലവും കൃഷിയോഗ്യമാക്കണമെന്നു ചക്കിയമ്മയ്ക്ക് തോന്നി. അവർ കേളനെ വിളിച്ചു തൻ്റെ മനസിലെ ആഗ്രഹം പറഞ്ഞു. അമ്മ പറഞ്ഞതു കേട്ട് നാല് കാടുകളും വെട്ടി തെളിയിക്കാൻ കേളൻ വയനാട്ടിലേക്ക് പുറപ്പെട്ടു. മുക്കുറ്റികാട്, മുവരുക്കുന്ന്, നല്ല തേങ്ങ , കരിമ്പനകാട് എന്നിവയടങ്ങിയ പൂമ്പുനം വെട്ടിത്തെളിക്കാൻ പണിയായുധങ്ങളോടൊപ്പം സ്വന്തം വില്ലും ശരങ്ങളുമെടുത്തു കേളൻ യാത്ര തുടങ്ങി.
വീട്ടിലുണ്ടായിരുന്ന കളള് മതിവരുവോളം എടുത്തു കുടിച്ച ശേഷമാണ് കേളൻ തൻ്റെ യാത്ര തുടങ്ങിയത്. വഴിയിൽ വെച്ച് കുടിക്കാൻ വേണ്ടി ഒരു മുളം കുറ്റി കളള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി അവൻ യാത്ര തുടർന്നു. പൂമ്പുനത്തിൽ എത്തിയ കേളൻ നാലു കാടും വെട്ടി തെളിച്ചു തുടങ്ങി . നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു. എന്ത് കൊണ്ടോ കേളന് നെല്ലിമരം വെട്ടാൻ തോന്നിയില്ല .അതിനു ശേഷം കേളൻ പൂമ്പുനം നാലും തീയിടാൻ തുടങ്ങി .
കാടിൻറെ നാലു മൂലയിലും നാലു കോണിലും തീയിട്ട കേളൻ അതിനു ശേഷം അതിസാഹസികമായി അതിനു നടുവിൽ നിന്നും പുറത്തു ചാടി. പൊതുവെ സാഹസികനായ കേളന് ഈ അതിസാഹസികമായ പുറത്തു ചാടൽ ഒരു രസമായി തോന്നി. മൂന്നാം പൂമ്പുനവും ഇതേ രീതിയില്‍ തീയിട്ട് ചാടിക്കടന്ന ശേഷം അവൻ നെല്ലിമരം നിൽക്കുന്ന നാലാമത്തെ കാട്ടിലെത്തി . മുൻപ് ചെയ്ത പോലെ നാലാമത്തെ കാടിൻറെ നാലു മൂലയിലും വെട്ടിക്കൂട്ടി തീയിട്ടു. പക്ഷെ പൊടിച്ചു വരുന്ന പുൽനാമ്പുകളുടെ ജീവനറ്റു തുടങ്ങിയപ്പോൾ ആദ്യം അഗ്നിയും പിന്നീട് വായുവും കോപിച്ചു തുടങ്ങി. അതോടെ എട്ടു ദിക്കിൽ നിന്നും തീ ആളിപ്പടരാൻ തുടങ്ങി. ചാടിക്കടക്കാൻ തനിയ്ക്ക് ആവില്ലെന്ന് കേളന് തോന്നുന്ന അത്രേം ഉയരത്തിലേക്ക് തീ പടർന്നു തുടങ്ങി. കള്ളിൻ്റെ മത്തിറങ്ങി തുടങ്ങിയപ്പോൾ ഭയം അവനിൽ അരിച്ചു കയറി തുടങ്ങി.
രക്ഷപ്പെടാനുള്ള ഏക വഴി ഇനി നെല്ലിമരത്തിൽ കയറുക തന്നെയാണെന്ന് അവനു തോന്നി. പക്ഷേ ആ നെല്ലിമരത്തിലെ താമസക്കാരായി രണ്ടു നാഗങ്ങളുണ്ടായിരുന്നു. കാളിയും കരാളിയുമെന്നുമായിരുന്നു ആ കരിനാഗങ്ങളുടെ പേര്. ചുറ്റും തീ പടരുന്നതു കണ്ടു മരണഭയത്തിലിരിക്കുന്ന നാഗങ്ങൾ , അവരുടെ കാഴ്ചയിൽ നെല്ലിമരത്തിലേക്ക് കയറി വരുന്ന കേളൻ. ഒന്നും നോക്കാതെ അവർ കേളൻ്റെ ദേഹത്തേക്ക് പാഞ്ഞുകയറി. കേളൻ അമ്മയെ വിളിച്ചു കരഞ്ഞു. നാഗങ്ങൾ കേളൻറെ ഇടതു മാറിലും വലതു മാറിലും ആഞ്ഞു കൊത്തി. കേളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു, അവരെ അഗ്നി വിഴുങ്ങി, അവർ ചാരമായി തീർന്നു.
നേരമൊത്തിരി പിന്നിട്ടു. തൻറെ പതിവ് നായാട്ടുകഴിഞ്ഞു അതുവഴി വന്ന ശിവന്‍റെ പൊന്മകൻ ആദിതീയ്യൻ വയനാട്ടുകുലവൻ മാറിൽ രണ്ടു നാഗങ്ങളുമായി വെന്തു വെണ്ണീരായി കിടക്കുന്ന കേളനെ കണ്ടു. തൻറെ പിൻകാലുകൊണ്ട് വെണ്ണീരിൽ അടിച്ചു ആദിതീയ്യൻ . തൻ്റെ പൊന്‍വില്ല് നീട്ടി വെണ്ണീരില്‍ തൊട്ടു വയനാട്ടുകുലവൻ .അതോടെ വെണ്ണീരിന് ജീവൻ വെച്ചു . ദേവന്‍റെ പിൻകാലു പിടിച്ചു കേളൻ എഴുന്നേറ്റു. അങ്ങനെ മാറിൽ രണ്ടു നാഗങ്ങളുമായി കേളൻ പുനർജ്ജനിച്ചു . “ഞാൻ കണ്ടത് കൊണ്ട് നീ കണ്ടനാർ കേളൻ എന്ന് പ്രശസ്തനാകും” എന്നും പറഞ്ഞു ഇടതുഭാഗത്ത് ഇരിക്കാൻ പീഠവും കയ്യിൽ ആയുധവും പൂജയും വയനാട്ടുകുലവൻ കേളന് കൽപ്പിച്ചു കൊടുത്തു എന്നാണ് ഐതിഹ്യം .
നാടൊട്ടുക്കുമുള്ള തെയ്യ പ്രേമികളുടെ പ്രിയ തെയ്യം കണ്ടനാർ കേളൻ പിറന്നതിനു പിന്നിലെ ഈ കഥ തലമുറ തലമുറയായി കൈ മാറ്റം ചെയ്തു വരുന്നു. ഓരോ തെയ്യക്കാലത്തും കാവുകളിലേക്ക് കണ്ടനാർ കേളനെ കാണാൻ ആളുകൾ പല നാടുകൾ താണ്ടി എത്തുന്നുണ്ട് .