Sunday, October 13, 2024
HomeArtsഅഴിനോട്ടം തിറ

അഴിനോട്ടം തിറ

തുലാപ്പത്തു മുതൽ ഉത്തര മലബാറിലെ കാവുകളിലും അമ്പലങ്ങളിലും തെയ്യങ്ങളും തിറകളും കെട്ടിയാടുന്നത് കാണാൻ പല ഭാഗത്തു നിന്നും ആളുകളെത്താറുണ്ട്. എന്നാൽ കേരളത്തിലെ തന്നെ അപൂർവമായ ഒരു തെയ്യാട്ടം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയ്ക്കടുത്തു ഊരള്ളൂരിൽ നടക്കാറുണ്ടെന്നത് എത്ര തെയ്യപ്രേമികൾക്കും ഫോക്ക് ലോർ തല്പരര്ക്കും അറിയാം? അഴിനോട്ടം തിറ എന്ന തിറക്കോലത്തിനെ കുറിചു നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ ? അഴിനോട്ടം തിറ കേവലം ഒരു തെയ്യാട്ടം മാത്രമല്ല. കണ്ടു നിൽക്കുന്നവർക്കും കോലധാരിയ്ക്കും അതൊരുപാസന തന്നെയായി മാറുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ആളുകളുണ്ട് .

മേലേരിയും തെയ്യാട്ടവും ഒരുപാടിടങ്ങളിൽ ചർച്ച ചെയ്യപ്പെടുമ്പോളും അഴിനോട്ടംതിറയും അതിന്റെ അഴി നിർമാണ വിശേഷങ്ങളും ഈ നാടിനപ്പുറം ചർച്ച ചെയ്തിട്ടുണ്ടോ എന്നത് ചോദ്യമാണ്? അഴിനോട്ടം തിറയിലെ ഏറ്റവും സമയമെടുത്തു ചെയ്യുന്ന ചടങ്ങാണ് തിറയ്ക്ക് വേണ്ടിയുള്ള അഴി നിർമാണം. പ്രദേശവാസികളായ തച്ചൻ കുടുംബമാണ് ഇതിനു വേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ളത്. കുംഭമാസം ഒന്നാം തീയതി മുതൽ പതിനാറാം തീയതി വരെ ഭക്തർ വഴിപാടായി നല്കുന്ന തെങ്ങുപയോഗിച്ചാണ് അഴി നിർമാണം നടത്തുന്നത്. ഒൻപതു കോൽ ഉയരത്തിൽ കുഴിച്ചിടുന്ന നാല് തെങ്ങിൻ കോലുകൾക്കിടയിൽ ദ്വാരമുണ്ടാക്കി കവുങ്ങിന്റെ ഒൻപത് അഴികൾ ക്രോസ്സായി നിർമ്മിക്കുന്നതോടെ അഴിനിർമാണം പൂർത്തിയായി. അതിനു ശേഷം ആശാരി കുടുംബത്തിലെ ഒരംഗം ഈ അഴികളുടെ ഉറപ്പും കൃത്യതയും പരിശോധിക്കുന്നതാണ് . അഴികളുടെ കൃത്യതയും ഉറപ്പും ബോധ്യമായാൽ അഴിനൂരൽ ചടങ്ങിന് തുടക്കമായി. അതിനു ശേഷം തച്ചൻ കുടുംബം ഈ അഴികൾ ദേവിയ്ക്ക് സമർപ്പിക്കും.

ഇരുഭാഗത്തേയ്ക്കും ആട്ടി നോക്കി അഴികളുടെ നിർമാണവും ഉറപ്പും ദേവിയ്ക്ക് ബോധ്യപ്പെട്ടോ എന്ന ചടങ്ങാണ് അഴിനോട്ടം . അസാധ്യ മെയ്‌വഴക്കുമുള്ള ആളുകൾക്ക് മാത്രമേ ഒരപകടവും കൂടാതെ അഴിനോട്ടം പൂർത്തിയാക്കാൻ കഴിയുകയുള്ളു.

Azhinottam Thira Credits @Abhiram Manoj
Azhinottam Thira Credits @Abhiram Manoj

പുലർച്ചയോടെ അപൂർവങ്ങളിൽ അപൂർവമായ ഈ കെട്ടിയാട്ടം തുടങ്ങും. അസാമാന്യമായ മെയ് വഴക്കത്തോടെ ഒരഭ്യാസിയെ പോലെ കോലധാരി ഈ അഴികൾക്കുള്ളിൽ നൂണ്ടു കടന്നു, മുഖത്തെഴുത്തിന്റെയും നോട്ടത്തിന്റെയും ചെണ്ടയുടെയും അകമ്പടിയോടെ കണ്ടു നിൽക്കുന്നവരെ മറ്റൊരു ലോകത്തിലേക്ക് ആ നിമിഷങ്ങളിൽ കൊണ്ടെത്തിക്കും. രൗദ്രഭാവത്തിലും സന്തോഷ ഭാവത്തിലും കൂക്കി വിളിച്ചു കൊണ്ട് പെരുവണ്ണാൻ അഴിനോട്ടം നടത്തുമ്പോൾ കുട്ടികളൊക്കെ ചിലപ്പോൾ പേടിച്ചു കരഞ്ഞു തുടങ്ങി കാണും. സ്ത്രീകളാവട്ടെ കണ്ടു നിൽക്കുന്ന നേരത്ത അപകടമൊന്നും വരുത്തല്ലേ എന്ന പ്രാർത്ഥനയിലും…

azhinottam thira | Credits: Abhiram Manoj

ഒൻപതു തവണ ഈ അഴികളിൽ കയറി ശക്തമായി ആട്ടി ഇറങ്ങി വരുന്ന പെരുവണ്ണാൻ നേരെ പോയി ദേവിയെ നമസ്കരിക്കും. അതിനു ശേഷം വീണ്ടും തിരികെ പോയി ഒൻപതു കോൽ ഉയർത്തിലേക്ക് കുത്തനെ കയറാൻ തുടങ്ങും. ഒൻപത് കയറ്റമാവുമ്പോഴേക്ക് ദേവി പൂർണമായും പെരുവണ്ണാന്റെ മനസും ശരീരവും കയ്യടക്കും എന്നതാണ് ഐതിഹ്യം. അതോടെ മനസിന്റെയും ശരീരത്തിന്റെയും നിയന്ത്രണം നഷ്ടപ്പെട്ട് പത്താം തവണ കയറാൻ ശ്രമിക്കുന്ന പെരുവണ്ണാനെ അർഹരായ അവകാശികൾ തടയുകയും ആയുധമുപയോഗിക്കാതെ ആദ്യത്തെ മൂന്നു അഴികൾ മുറിച്ചു മാറ്റുന്നതോടെ അഴിനോട്ടം തിറയ്ക്ക് തിരശീല വീഴും.

azhinottam thira | Credits@ Abhiram Manoj

ആബാലവൃദ്ധം ജനങ്ങൾ ഈ അവസാന നിമിഷം വരെ കണ്ണ് നിറയെ കാണുന്ന അഴിനോട്ടം തിറ ചുവടൊന്നും പിഴയ്ക്കാതെ അവസാനമെത്തുമ്പോൾ ആളുകളുടെ ആശ്വാസം കൺനിറയെ കാണേണ്ട ഒന്നാണ്. നേരം പുലരുമ്പോൾ ചായപ്പീടികളിലും ബസ്സിലും ആളുകളുടെ ചർച്ച പുലർച്ചത്തെ തിറയെ കുറിച്ചാവും. വീണ്ടും അടുത്ത കുംഭത്തിനായി കാത്തിരിപ്പാണ് കോലധാരിയും ഒരു നാടും….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Read the article at  https://stories.impresa.in