നിളയുടെ തീരത്തെ നെയ്ത്തുഗ്രാമം.
കസവ് പാവുകളും വർണ്ണ നൂലുകളും കണ്ടു കണ്ടു കുത്താമ്പുള്ളി എത്തുമ്പോൾ ആദ്യം നമ്മെ വരവേൽക്കുന്നത് തറികളുടെ ശബ്ദമാണ്.
വേഗത്തിൽ പായുന്ന നഗരക്കാഴ്ചകൾക്ക് മുഖം തിരിച്ചു നിൽക്കുന്ന ഒരിടം പോലെയാണ് ആദ്യം തോന്നിയത് . പിന്നീട്
വലിയ പരസ്യപ്പലകകളും പടുകൂറ്റൻ കെട്ടിടങ്ങളും കണ്ണിലേക്കെത്തിതുടങ്ങി . രാവിലെതന്നെ ഓരോ കടയുടെ മുൻപിലും വാഹനങ്ങളുടെ നീണ്ട നിര.
ഓണത്തിന്റെ വർണ്ണശബളമായ കാഴ്ചകളിലൊന്നാണ് കേരളത്തിന്റെ ഏറ്റവും വലിയ കൈത്തറി ഗ്രാമമായ കുത്താമ്പുള്ളിയിലുള്ളത്. എങ്ങും കസവിന്റെ മിനുക്കം. നിറങ്ങളുടെ ലയനം. പുതുവസ്ത്രങ്ങളുടെ ഗന്ധം.
കുത്താമ്പുള്ളിക്ക് തെക്ക് ഗായത്രി പുഴയും വടക്ക് ഭാരതപ്പുഴയുമാണ്. മൂന്നുവശവും പുഴയാല്‍ ചുറ്റപ്പെട്ടതാണ് ഇവിടം. നെയ്ത് നെയ്ത് ഭൗമസൂചികയിൽ ഇടം പിടിച്ച സ്ഥലം.
വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും നാലര കിലോമീറ്റർ അകലെ
ഭാരതപ്പുഴയുടെ തീരത്തെ സുന്ദര ഗ്രാമം.
തൃശ്ശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിലാണ്
കുത്താമ്പുള്ളി.
കൈത്തറി സാരിയുടെ മിനുസത്തിൽ കൂടി
വിരലോടിക്കുമ്പോൾ നൂലുകളിൽ വിരിയിച്ചെടുത്ത സ്വർണ്ണ മയൂരം കയ്യിൽ തടയുന്നു. കുത്താമ്പുള്ളിയുടെ മാത്രമായ സവിശേഷമായ ഡിസൈനുകൾ.
പണ്ട് 500 വർഷങ്ങൾക്കു മുമ്പ് കൊച്ചി, കൊല്ലങ്കോട് രാജാക്കൻമാരുടെ
പ്രത്യേക ക്ഷണപ്രകാരം എത്തിയതാണ് കർണാടകയിലെ മൈസൂരിൽ നിന്നും ദേവാംഗ ചെട്ടിയാർ കുലത്തിൽപ്പെട്ട നെയ്ത്തുകാർ. രാജകുടുംബാംഗങ്ങൾക്ക് വേഷ്ടിയും ഉത്തരീയവും സെറ്റു മുണ്ടും നെയ്യുവാനായി കേരളത്തിലേക്ക് വന്നവർ.
ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കുവാനുള്ള രാജാവിന്റെ വാഗ്ദാനത്തിൽ അവർ ജലസമൃദ്ധമായ ഭാരതപ്പുഴയുടെ തീരം തന്നെ തിരഞ്ഞെടുത്തു. വസ്ത്രങ്ങൾക്ക് ചായമേകാനും നൂൽ നൂൽക്കാനുമുള്ള സൗകര്യം മുൻ നിർത്തിയാണ് നദീതീരം അവർ തിരഞ്ഞെടുത്തത്.അങ്ങനെ കുത്താമ്പുള്ളി തറികളുടെ ഗ്രാമമായി.
കുത്താമ്പുള്ളി സാരികൾ നിർമ്മിക്കുന്നത് അങ്ങേയറ്റം വൈദഗ്ധ്യം ആവശ്യമുള്ള ഒരു പ്രക്രിയയാണ്.
സൂറത്തിൽ നിന്നും കസവും സേലം,കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പാവും കോണുകളും എത്തിച്ചാണ് വസ്ത്രങ്ങൾ നെയ്യുന്നത്.
ഗ്രാഫ് പേപ്പറിൽ വരയ്ക്കുന്ന ഡിസൈനുകൾ പഞ്ചിംഗ് കാർഡ് ആക്കി മാറ്റി തറിയിലെ ജക്കാർഡിൽ ഈ കാർഡ് പിടിപ്പിച്ച് അതിൽ ചേരുന്ന നാടകളിലൂടെ കസവ് നൂൽ കടത്തിവിടുന്നു.
തറി സ്ഥാപിക്കാനുള്ള ചെലവ് ഇന്ന് നാൽപതിനായിരം രൂപയിലേറും..കസവ് സാരി നെയ്യാൻ ഒരു ദിവസവും ഡിസൈനർ സാരിക്ക് മൂന്ന് ദിവസവും വേണ്ടിവരും . മുണ്ട് രണ്ടെണ്ണം വരെ ഒരു ദിവസം നെയ്യാൻ കഴിയും.
ഇതിൽ ഉപയോഗിക്കുന്ന നൂലുകൾ വളരെ മൃദുവായതിനാൽ ഇടയ്ക്കിടെ പൊട്ടി പോകാൻ സാധ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ഒരു പ്രവർത്തിയിൽ ധാരാളം പേരുടെ സഹായവും ആവശ്യമായി വരുന്നു.ഫലത്തിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും നെയ്ത്തുജോലിയിൽ ഏർപ്പെടുന്നു.
നെയ്യാൻ ഉപയോഗിക്കുന്ന നൂലുകൾ കഞ്ഞിവെള്ളത്തിൽ ഇട്ടശേഷം നൂറ്റ നൂലുകൾ പാവു വെള്ളത്തിലും കഞ്ഞിവെള്ളത്തിലും ഇട്ട് ബലപ്പെടുത്തും. പിന്നീട് തറിയിൽ കോർക്കും.
പൂവിന്റെ ഡിസൈനുള്ള സാരിയിൽ ഒരു ഡിസൈൻ അവിടെ രേഖപ്പെടുത്തണമെങ്കിൽ ഏതാണ്ട് 130 തവണയോളം തറിയിൽ ചവിട്ടണം.
ഭക്തിയും മിത്തും കലർന്നതു കൂടിയാണ് ഇവിടെ ജീവിതം. ചാമുണ്ഡേശ്വരിയുടെ അനുഗ്രഹത്താലാണ് തങ്ങളുടെ നെയ്ത്തു കലകൾ എന്നിവർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ സ്വന്തം കരങ്ങൾ അല്ലാതെ യന്ത്രത്തെ ആശ്രയിക്കുമ്പോൾ ദേവതയുടെ കോപം ഉണ്ടായേക്കാം എന്നും അവർ ഭയക്കുന്നു. ഈ കല തന്നെ അങ്ങനെ നശിച്ചുപോയി പോകുമെന്ന് അവർ കരുതുന്നു.
പണ്ട് പാലപ്പുറവും ഷൊർണൂരും കണിയാമ്പുറവും എല്ലാം നെയ്ത്തു ഗ്രാമങ്ങൾ ആയിരുന്നു.
ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ഈ കൈവേലയിൽ ഉൾപ്പെട്ടിരുന്നു. എന്നാലിന്നു പുതിയ തലമുറയിലെ ആളുകൾക്ക് ഇതിൽ താല്പര്യമില്ല. ശുഷ്കമായ വേതന വ്യവസ്ഥകൾ അവരെ നെയ്ത്തു ജോലിയിൽ നിന്നും മുഖം തിരിച്ചു നിർത്തുന്നു.
ഓണക്കാലം ആയാൽ ഇവിടുത്തെ തറികൾക്ക് പിന്നീട് വിശ്രമമില്ല.
മാസങ്ങൾക്കു മുമ്പേ തുടങ്ങും ഓണം ഒരുക്കങ്ങൾ.
ഓരോ വർഷവും തങ്ങളുടേതായ ഒരു ഡിസൈൻ അവർ സംഭാവന ചെയ്യുന്നു.
സ്വര്‍ണനൂലുകള്‍ പാകിയ രാജകീയ ഡിസൈനുകളാണ് പരമ്പരാഗത കൂത്താമ്പുള്ളി സാരിയുടെ പ്രത്യേകത. ആന, അരയന്നം, മയില്‍, പൂവള്ളികള്‍ തുടങ്ങിയ രൂപങ്ങള്‍ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി സാരികളില്‍ വിരിയുന്നു.
യന്ത്രങ്ങളിൽ ഒരുക്കുന്ന പുടവുകൾക്ക് പൂർണ്ണത കുറയും. ആയുസ്സും കുറവാണ്.യന്ത്രത്തറിയും കൈത്തറിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ അത്ര പെട്ടന്നു കഴിയില്ല. കൈത്തറി തുണികളിൽ വശങ്ങളിൽ സൂചിമുനയുടെ ചെറിയ ദ്വാരങ്ങൾ ഉണ്ടായിരിക്കും.
പ്രാദേശിക സഹകരണ സംഘങ്ങൾ ആണ് കുത്താമ്പുള്ളിയുടെ കൈത്തറി പെരുമ പുറം ലോകത്തേക്ക് എത്തിച്ചത്.
81 വർഷത്തിലേറെ ആയിട്ടുള്ള നെയ്ത്തു കൂട്ടായ്മയായ എരുവക്കൊടി സഹകരണസംഘത്തിന്റെ
കൈത്തറി ശാലയിൽ എത്തിയപ്പോൾ അവിടെ ഞായറാഴ്ചയിലും സജീവമായി പണിയെടുക്കുന്ന തൊഴിലാളികൾ. സൗഹൃദത്തോടെ ചിരിച്ച് എതിരേറ്റ രാമചന്ദ്രൻ ചേട്ടൻ തന്റെ കുടുംബത്തെ പറ്റി പറഞ്ഞു. ആൺകുട്ടികൾ ജോലിയ്ക്കായി കടൽ കടന്നു കഴിഞ്ഞു. അവർക്കാർക്കും ഇതിൽ താല്പര്യമില്ല. ധാരാളം കഠിനാധ്വാനം വേണ്ടുന്ന പണിയാണ്. എങ്കിലും ഇത് ചെയ്യുന്നത് ഇഷ്ടമാണ്.ആദ്യകാലത്ത് 1200 കുടുംബങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇന്നത് തീരെ ചുരുങ്ങിയിരിക്കുന്നു.
കേരള സാരിയിൽ പച്ചക്കര ഇഴ ചേർത്ത് കൊണ്ടിരുന്ന ശോഭനയും പറഞ്ഞത് അതേ അഭിപ്രായമാണ്. വിവാഹശേഷം ഭർത്താവ്തന്നെ ഈ നെയ്ത്ത് ഗ്രാമത്തിലേക്ക് കൊണ്ടുവന്നതാണ്. ഒരു നെയ്ത്ത് പരിശീലന പരിപാടിക്ക് പങ്കെടുത്തു . അതിനുശേഷം പൂർണ്ണസമയ നെയ്ത്തു തൊഴിലാളിയായി മാറി.
രാവിലെ അഞ്ചുമണി മുതൽ രാത്രിയോളം നീളുന്ന ജോലി. സാരിയുടെ കണ്ണഞ്ചിക്കുന്ന നിറങ്ങളൊന്നും ഇതുണ്ടാക്കുന്ന നെയ്ത്തുകാരുടെ ജീവിതത്തിൽ ഇല്ല.
ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്നും രക്ഷപ്പെടാനായി 1972 ൽ കൈത്തറി സഹായ സഹകരണ സംഘം 102 അംഗങ്ങളുമായി രൂപീകൃതമായി.
ഇപ്പൊ അംഗങ്ങളുടെ എണ്ണം ആയിരത്തിനടുത്ത് എത്തിയിട്ടുണ്ട്.
കൈത്തറിയും യന്ത്രത്തറിയും തമ്മിലുള്ള വ്യത്യാസം മനസ്സിലായാൽ കൈയാൽ ഒരുക്കുന്ന തുണിത്തരങ്ങളുടെ ഗുണമേന്മയും മനസ്സിലാവും.
പണ്ട് തലച്ചുമടായി ചുമന്നു തൃശൂർ റൗണ്ടിൽ കൊണ്ട് വന്നു കൈത്തറി തുണികൾ വിൽക്കുന്ന കാലത്തു നിന്നും ഇവിടം ഏറെ വികസിച്ചിരിക്കുന്നു.ഓൺലൈൻ വ്യാപാരം തകൃതിയായി നടക്കുന്നുണ്ട്.
ഇന്ന് കുത്താമ്പുള്ളിക്ക് സ്വന്തമായി അവരുടെ നെയ്ത്ത്സഹകരണ സംഘങ്ങളുണ്ട്.
പവർ ലൂമിന്റെ സഹായത്തോടെ കൂറ്റൻ വ്യാപാരസ്ഥാപനങ്ങൾ തന്നെ ഇവിടെ ഉയർന്നു കഴിഞ്ഞു. ടിഷ്യൂ സാരികളും കലംകാരി ഡിസൈനുള്ള സാരികളും ബ്ലോക്ക് പ്രിന്റും ആപ്ലിക് വർക്കുള്ളവയും ഒക്കെയായി കുത്തമ്പുള്ളിയും ഇന്ന് മാറ്റത്തിന്റെ പാതയിലാണ്.
കന്നടയും തമിഴും മലയാളവും ഇടകലർന്ന ഭാഷ സംസാരിക്കുന്ന ദേവവാംഗ ചെട്ടിയാർ കുടുംബങ്ങൾ ഇന്ന്കുറഞ്ഞു കൊണ്ടിരിക്കുന്നു.
ഇവിടുത്തെ നെയ്ത്തുകാരിൽ ഭൂരിഭാഗവും
40 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. പുതുതലമുറ ശാദ്വല ഭൂമികൾ തേടി കടൽ കടന്നു പോയികൊണ്ടിരിക്കുന്നു.
ഓരോ കടകളിലും എന്തെങ്കിലും തനത് ഡിസൈനിൽ ഉണ്ടാവും.ഗണപതിയും
ശംഖും ഓടക്കുഴലും നിറഞ്ഞ സാരികൾ നൂതനമായ ഭംഗിയാൽ
നമ്മെ ആകർഷിയ്ക്കും
ആദ്യം കയറിയ കടയിലെ കടയുടമ സ്വാമിയുടെ മകൻ പറഞ്ഞു ഇന്ന് ഞായറാഴ്ചയായിട്ട് കുറെ പണിക്കാരില്ല അതുകൊണ്ട് തിരക്ക് വളരെ കൂടുതലാണ്.സത്യമാണ്.
അട്ടിയായി ഇട്ടിരിക്കുന്ന കസവ് സാരികളുടെ തുണിക്കൂനകൾ . കണ്ണിൽ കൗതുകവുമായി സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയ സംഘങ്ങൾ തുണിത്തരങ്ങളിലേക്ക്ഊളിയിടുന്നു .
ഗോൾഡിൽ നിന്നും വെള്ളിയിലേക്കും വെള്ളിയിൽ നിന്നും റോസ് ഗോൾഡിലേക്കും പടർന്ന കസവിന്റെ. ഫാഷനുകൾ.ആഘോഷത്തിന്റെ വർണ്ണം നിറഞ്ഞ തെരുവുകൾ.ഒരു ചെറിയ ഭക്ഷണ ശാല കണ്ടു പിടിച്ചു തനി നാടൻ പാലക്കാടൻ ഊണ് കഴിച്ചു മടക്കം. ബസ് സ്റ്റോപ്പിൽ ഒരു കുഞ്ഞൻ ആൾക്കൂട്ടം. ഞായറാഴ്ച്ചയുടെ ആലസ്യവും സ്വാതന്ത്ര്യവും നിറഞ്ഞ മുഖവുമായി ചന്ദ്രൻ ചേട്ടൻ പറഞ്ഞൂ. ഒഴിവു ദിവസമാണ്. സന്തോഷത്തിനു അല്പം അടിച്ചു. അല്ലെങ്കിൽ എപ്പോഴും വേല തന്നെ ആണ്. ഞങ്ങൾ കുത്താമ്പുള്ളിക്കാർ ഇവിടെ വരുന്നവരെ നല്ല സ്വീകരിച്ചു സ്നേഹിച്ചാണ് മടക്കുന്നത്.നിങ്ങളെയും…
ശരിയാണ്.കുത്താമ്പുള്ളിയുടെ നിഷ്കളങ്കതയ്ക്ക് കസവിലും മാറ്റേറും.
ഈ നെയ്ത്തു പാരമ്പര്യം ഒരു കഷണം വസ്ത്രത്തെ അല്ല പ്രതിനിധീകരിക്കുന്നത്. കേരളത്തിന്റെ അതിമനോഹരമായ ഒരു കലയെയും പാരമ്പര്യത്തെയും ഒരു തലമുറയുടെ സംസ്കാരത്തെയും ആണ് ഉൾക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ
ഈ ഒരു കലയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത്
സംസ്ഥാനത്തിന്റെ കൂട്ടായ കടമയാണ്.
എങ്ങനെ എത്താം
നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ കയറി ഷൊർണൂർ ഇറങ്ങി. അവിടെ നിന്നും ഒറ്റപ്പാലത്ത് എത്തിയാണ് കുത്തംപുള്ളിയിലേക്ക് പോയത്.
പാലരുവി എക്സ്പ്രസിൽ നേരെ ഒറ്റപ്പാലംഇറങ്ങാൻ സാധിക്കും.
ബസിൽ വടക്കാഞ്ചേരി ചേലക്കര പഴയന്നൂർ റോഡിൽ നിന്നും ഇടത്ത് തിരിഞ്ഞാൽ തിരുവില്ലാമലയെത്തി. അവിടെ നിന്നും 5 കിലോമീറ്റർ യാത്ര ചെയ്‌താൽ കസവിന്റെ ഗ്രാമം എത്തും.
രമ്യ എസ് ആനന്ദ്