ഒരു രാജസ്ഥാനി നെയ്ത്തുകാരൻ ദരി (carpet) ഉണ്ടാക്കുന്നതാണ് 1 മിനിറ്റുള്ള ഈ വീഡിയോഇതിന്റെ അവസാനം ഉപഭോക്താവിന് പൊതിഞ്ഞ് നൽകുന്ന 5×4 അടിയുടെ ₹3500 വിലയുള്ള ഒരു ദരി ഉണ്ടാക്കാൻ ₹2000ൻ്റെ നൂല് വേണം, 6 ദിവസം പണി ചെയ്യണം. എന്നുവെച്ചാൽ, നെയ്ത്തുകാരൻ്റെ ഒരു ദിവസത്തെ സമ്പാദ്യം വെറും ₹250.
ഇടനിലക്കാർ ഇത് വാങ്ങി ചതുരശ്ര അടിക്ക് ₹500ന് വിൽക്കും. അവർക്ക് കാര്യമായ അദ്ധ്വാനം ഇല്ലാതെ ₹6500 ലാഭം കിട്ടും. കലയും അറിയണ്ട, വിയർപ്പും പൊടിയേണ്ട.
നിമാറാം എന്ന ഈ നെയ്ത്തുകാരന് രണ്ടറ്റവും കൂട്ടി മുട്ടിക്കണമെങ്കിൽ വീട്ടിൽ 3 പേർ നിത്യവും നെയ്യണം. അച്ഛനപ്പൂപ്പന്മാരായി പകർന്ന് കിട്ടിയ തൊഴിലാണ്; വലിയൊരു കലയുമാണ്. അദ്ദേഹത്തിന്റെ മകനും ഈ ജോലി ചെയ്ത് തുടങ്ങിയിട്ടുണ്ട്. പക്ഷേ, നിത്യവൃത്തിക്കുള്ളത് കിട്ടിയില്ലെങ്കിൽ ഭാവിയിൽ അവരിത് ഉപേക്ഷിച്ച് പോകും.
കനം കൂടിയതും ഇഴകൾ ധാരാളം ഉള്ളതുമായ നൂലുകൾ, ചീർപ്പ് പോലുള്ള ഉപകരണം വെച്ച് കൈകൊണ്ട് ചേർത്ത് ഉറപ്പിക്കുന്നതിനാൽ, ഈ തറികൾ സാധാരണ തറികളെപ്പോലെ ശബ്ദം ഉണ്ടാക്കുന്നില്ല. ഈ നെയ്ത്തുകാരുടെ ശബ്ദവും അതുപോലെ തന്നെ.
ഈ ഡിസൈനുകൾ ഒന്നുപോലും നെയ്ത്തുകാരൻ, കടലാസിലോ ഓലയിലോ മരത്തിലോ പാറയിലോ വരച്ച് വെച്ചിട്ടില്ല. ഓരോ ദരിയും ഉണ്ടാക്കുമ്പോൾ അപ്പപ്പോൾ മനസ്സിൽ ഉദിക്കുന്ന ആശയമാണ് ആ ദരിയുടെ ഡിസൈൻ. പിന്നെ ആ ഡിസൈൻ ഉണ്ടാകാൻ സാദ്ധ്യത, ദരി വാങ്ങിയവുടെ വീടുകളിലാണ്, അവരുടെ സ്വീകരണ മുറികളിലാണ്, തീൻമേശകളിലാണ്, ചുമരുകളിലാണ്. കാർപെറ്റ് ആയും തീൻമേശയിൽ റണ്ണർ ആയും ചുമരിൽ അലങ്കാരമായും. യോഗ പായയായും നിസ്ക്കാര പായയായും ഇതുപയോഗിക്കാം. ഇന്നലെ മുതൽ ഞാൻ കിടക്കുന്നത് ഒരു ദരിയിലാണ്.
ഇടനിലക്കാർ ഇല്ലാതെ ഇത്തരം കൈത്തറി ഉൽപ്പന്നങ്ങൾ വിറ്റ് പോകണം. ഇത്തരം കലകളും ഉപജീവനമാർഗ്ഗങ്ങളും നില നിൽക്കണം. കൂടുതൽ വിറ്റ് പോയാൽ വിലയിൽ കുറവ് ഉണ്ടായേക്കാം.
വാൽക്കഷണം:- ശബ്ദമുണ്ടാക്കാത്ത ആ കൈത്തറിയിൽ മനോഹരമായ ഒരു ദരി വിരിയുന്നത് കാണാൻ, മൂന്ന് മണിക്കൂർ ഇന്നലെ ഞാനാ കലാകാരന്റെ മുന്നിൽ ഇരുന്നു. അദ്ദേഹത്തിന്റെ കഥകൾ കേട്ടു. എന്നിട്ട് കണ്ടതോ 3 ഇഞ്ചിൻ്റെ ഭംഗി മാത്രം. ഇന്നും നാളെയും ഞാൻ അവിടെ വീണ്ടും പോകുന്നുണ്ട്; പണി പുരോഗമിച്ച ആ ദരി കാണാൻ.