കഴിഞ്ഞ മൂന്നു നാലു ദിവസം കുടുംബത്തോടൊപ്പം ചെറിയൊരു അവധിയെടുത്ത് കിർഗിസ്ഥാനിലായിരുന്നു .
അവിടെ തണുപ്പകാലം പതിയെ വിട്ടൊഴിയുകയാണ് ..
ഗാഢ ശിശിരദിനങ്ങൾക്കു ശേഷം വെയിലുള്ള ദിവസങ്ങൾ .. !
ആ നാടിന്റെ താഴ്ന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്‌ച കുറഞ്ഞു തുടങ്ങി ..
ശിശിരം അവശേഷിപ്പിച്ച മഞ്ഞിന്റെ ശുഭ്രകമ്പളം ഇനിയും ഉരുകി തീർന്നിട്ടില്ല ..
അവിടെ പതിക്കുന്ന സൂര്യകിരണങ്ങൾ അപ്പാടെ പ്രതിഫലിച്ചുപോവുകയാണ് ..
ഭൂമി ‘ചൂടുപിടിക്കാൻ’ ഇനിയും ആഴ്ചകളെടുക്കും ..
വർഷത്തിൽ ഏറിയ പങ്കും ഗാഢ ശൈത്യത്തിൽ തന്നെയാണ് ഈ നാട് .. !
ഈപോസ്റ്റിലെ ചിത്രത്തിൽ എന്നോടൊപ്പമുള്ളത് ടൂർ ഗൈഡ് മിസ്റ്റർ. അഡിലെറ്റ് ( Adilet ) ആണ്..
അത്യാവശ്യം ഇംഗ്ളീഷ് സംസാരിക്കും .
യാത്രകളിൽ ഉടനീളം പുള്ളിയോടാണ് നാട്ടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞത് ..
മൈനസ് 10 നോട് അടുത്ത താപനിലയിൽ വസ്ത്രങ്ങൾ ഉണക്കിയെടുക്കുന്നതെങ്ങിനെ .. ?
ഉത്തരങ്ങൾ പറയാൻ ആളുണ്ടെങ്കിൽ ചോദ്യങ്ങൾക്കാനോ പഞ്ഞം ??
കിരൺ ; ഞങ്ങൾ ഉൾപ്പെടെയുള്ള പഴയ റഷ്യയുടെ തണുപ്പ് പ്രവശ്യകളിൽ ശിശിരം ഒരേസമയം വെല്ലുവിളിയും സാധ്യതയുമാണ് ..
കഴുകിയ വസ്ത്രങ്ങൾ ഉണക്കാൻ രണ്ട് രീതികളാണ് ഉള്ളത് ഒന്ന് വീടിനുള്ളിലെ താരതമ്യേന ഉയർന്ന താപത്തിൽ അഴകെട്ടി ഉണക്കാം അതല്ലെങ്കിൽ ഒട്ടുമേ ആർദ്രതയില്ലാത്ത അതിശിശിരത്തിലെ മൈനസ് തണുപ്പുകളിൽ പുറത്തെ അയയിൽ ഇട്ട് ഉണക്കിയെടുക്കാം !
ങേ അതെങ്ങിനെ ??
തണുപ്പിൽ ഉണങ്ങുമോ ??
ഞാൻ മുൻപ് എക്‌പ്ലോറ സയൻസ് സ്റ്റോറിയുടെ ഭാഗമായി എഴുതിയ ഉരുളക്കിഴങ്ങുകളുടെ ഫ്രീസ് ഡ്രൈയിങ്ങ് വായിച്ചവർ ചിലരെങ്കിലും ഇവിടെ ഉണ്ടാവുമെന്ന് കരുതട്ടെ ..
അവർക്ക് ഈ രീതി എളുപ്പം മനസ്സിലാവും .
അതിശൈത്യത്തിൽ നമ്മുടെ ചുണ്ടുകളൊക്കെ വരണ്ടുണങ്ങുന്നത് എന്തുകൊണ്ടാവാം ??
ജലാംശത്തിന് ദ്രാവക രൂപത്തിൽ കഴിയാനാകില്ല ..
അതിശയകരമെന്നു പറയട്ടെ ഒരു മരുഭൂമിയോളമോ അതിനേക്കാൾ മേലെയോ അസാന്ദ്രമാണ് ( Dehydrated ) അതിശൈത്യത്തിലെ അന്തരീക്ഷം ..
വീട്ടുകൾക്കുള്ളിലെ വിലയേറിയ താപം നില നിർത്തുന്നത് കൽക്കരി കത്തിച്ചുകൊണ്ടാണ് ..
രാവിലെ ട്രക്കുകളിൽ മുട്ടൻ കൽക്കരി കഷ്ണങ്ങൾ ഓരോ വീട്ടിലും കൊണ്ടുവന്നിടും അതിന് പണം കൊടുക്കേണ്ടതുണ്ട് ..
പാചകം മുതൽ താപനം വരെ ഒട്ടു മിക്ക ആവശ്യങ്ങൾക്കും കൽകരിയാണ് ഉപയോഗിക്കുന്നത് . .
അസുഖകരമായ ഗന്ധമുള്ള കൾകരിയുടെ തണുത്ത പുക തണുത്ത തെരുവുകളിൽ മുകളിലേക്കുയരാതെ കെട്ടിക്കിടക്കുന്നു ..
ഗ്രാമങ്ങളിലെമ്പാടും ഉപേക്ഷിച്ച പാതി തകർന്ന കെട്ടിടങ്ങളാണ്, റഷ്യയുടെ ഭാഗമായിരുന്ന കാലത്തെ നിർമ്മാണ ശാലകളായിരുന്നു എല്ലാം ..
കൂടുതലും യുദ്ധസാമഗ്രികൾ ..!
തണുത്തുറഞ്ഞ കൽക്കരിമണമുള്ള തെരുവുകളിലൂടെ ഫാക്ടറികളിലേക്ക് മനുഷ്യർ ഒഴുകുന്ന പഴയ ചിത്രങ്ങൾ മനസ്സിലിങ്ങനെ തെളിഞ്ഞു വരുന്നു ..
സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം തൊഴിൽ ചെയ്യുക എന്നതിൽ നിന്ന് തൊഴിൽ നിർമ്മിതി , ബിസിനസ്സ് എന്നിവയിലേക്കല്ലാം കിർഗിസ്ഥാൻ ജനത പിച്ചവയ്ക്കുന്നെയുള്ളൂ ..
ദ്വീപ് രാജ്യങ്ങളിലേതുപോലെ അലസമായ ജീവിതമാണിവിടെ ..
സൂര്യപ്രകാശമുള്ള ഏതാനും മണിക്കൂറുകൾ മാത്രമാണ് ശിശിരകാലത്ത് തെരുവുകളിൽ അനക്കം വയ്ക്കുന്നത് ..
ആർക്കും യാതൊരു തിരക്കുമില്ല ..
ക്ഷമിക്കൂ, പറഞ്ഞു വന്നത് തുണി ഉണക്കുന്നതിനെ കുറിച്ചായിരുന്നു അല്ലെ .
നനഞ്ഞ തുണികൾ ഉണക്കാൻ അകത്തിട്ടാൽ വീടിനുള്ളിലെ താപം കുറച്ചെങ്കിലും നഷ്ടപ്പെടും ; മാത്രമല്ല ഈർപ്പം തറയിൽ പിടിക്കും ..
ആർക്കും വലിയ തിരക്കില്ലെങ്കിൽ തുണികൾ കഴുകി മുറ്റത്തെ അയയിൽ ഇടും..
കുറച്ചു മിനുറ്റുകൾക്കകം അവയിലെ ജലാംശം മുഴുവനും ഐസ് ആയി മാറിയിട്ടുണ്ടാവും ..
ചില്ലുപോലെ ഉറച്ച തുണി കഷ്ണങ്ങൾ ഒരു വടികൊണ്ട് കല്ലിൽ വച്ച് നന്നായി തല്ലും , അതോടെ ഐസ് ക്രിസ്റ്റലുകൾ മിക്കവാറും തുണിയിൽ നിന്ന് വേറിടും ; പിന്നെ ശക്തമായ കുടയൽ , പൊരിച്ച പൊറോട്ട കശക്കുന്ന പോലെയുള്ള കശക്കൽ എല്ലാം കഴിഞ്ഞ് തുണി വീണ്ടും മുറ്റത്തെ അയയിൽ ഇടും ..
ശേഷിക്കുന്ന അൽപ്പം ജലാംശം Sublimation ( ഖരം നേരിട്ട് വാതകമാകുന്ന പ്രക്രിയ ) മൂലം നഷ്ടപ്പെടും ..
പിറ്റേ ദിവസത്തേക്ക് മഞ്ഞിൽ നന്നായി ഉണങ്ങിയ വസ്ത്രങ്ങൾ റെഡി !!
സാധ്യമാണെങ്കിൽ ഞങ്ങൾ വസ്ത്രങ്ങൾ മഞ്ഞിലിട്ടെ ഉണക്കാറുള്ളൂ എന്നാണ് ഗൈഡ് അഡിലറ്റ് പറഞ്ഞത് !!
അങ്ങിനെ ഉണക്കിയ തുണികൾക്ക് ഐസിന്റെ ഒരു സ്നിഗ്ദ ഗന്ധമുണ്ടാകുമത്രെ !!
മഞ്ഞിന് മണമുണ്ടോ ?
എനിക്ക് ഇനിയും അതറിയില്ല..
എന്നാലും മഞ്ഞിൽ ഉണക്കിയ പരുത്തി പുതപ്പ് മൂടി ഉറങ്ങാൻ കൊതി തോന്നുന്നു..
കൂട്ടുകാരേ, നമ്മൾ യാത്ര ചെയ്യുന്ന വഴികൾ ഒന്നാണെങ്കിലും കാണുന്ന കാഴ്ച്ചകൾ വ്യത്യസ്തമായിരിക്കും ..
ഞാൻ കണ്ട ‘കാഴ്ചകളുടെ’ അനുഭവങ്ങളാണ് സ്നേഹപൂർവം നിങ്ങളോട് കഥയായി പറയുന്നത് ..
നമുക്കൊരുമിച്ച് ഇങ്ങനെ കഥകൾ പറഞ്ഞു നടക്കാം …
ആരും തനിച്ചല്ല .
സ്നേഹപൂർവം : കിരൺ കണ്ണൻ