Sunday, October 13, 2024
HomeCraftഎരിക്കുളത്തിൻ്റെ സ്വന്തം കണിക്കലം

എരിക്കുളത്തിൻ്റെ സ്വന്തം കണിക്കലം

ഉത്തര മലബാറിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് വിഷു. ആൺകുട്ടി ജനിച്ചാൽ ആ വർഷത്തെ വിഷുവും പെൺകുട്ടി ജനിച്ചാൽ ഓണവും പുത്തൻ വിഷുവും പുത്തനോണവുമായി വലിയ ആഘോഷമായി കൊണ്ടാടുന്നവരാണ് വടക്കൻ മലബാറുകാർ . വിഷുവിൻ്റെ പലഹാരമായി കണിയൊരുക്കുന്നതിൽ ഇവിടങ്ങളിൽ തയ്യാറാക്കുന്ന ഒന്നാണ് കാരയപ്പം അല്ലെങ്കിൽ കാരോലപ്പം എന്ന പേരിൽ അറിയപ്പെടുന്ന ഉണ്ണിയപ്പം. കണി വെക്കുന്ന സമയത്ത് ഈ ഉണ്ണിയപ്പത്തിനും കണ്ണനുമിടയിൽ ആരെ നോക്കണമെന്ന കൺഫ്യൂഷനിൽ കുഞ്ഞുങ്ങൾ പുലർച്ചെ പാതിയുറക്കത്തിൽ നിൽക്കുന്നുണ്ടാവും. കണിക്കലം നിറഞ്ഞു തുളുമ്പി നിൽക്കുന്ന കാരയപ്പമാണ് പലപ്പോളും ഉറക്കം മുറിഞ്ഞ കുഞ്ഞുങ്ങളുടെ സങ്കടം മാറ്റുന്നത്. വീട്ടിലെ കുഞ്ഞുങ്ങൾക്കും വിരുന്നു വരുന്ന കുഞ്ഞുങ്ങൾക്കും കൈ നീട്ടത്തോടൊപ്പം കണിക്കലത്തിലെ കാരയപ്പവും വിഷുവിൻറെ അവകാശമാണ്. അത് കൊണ്ട് തന്നെ പയ്യന്നൂർ മുതൽ പൈക്ക വരെ ഉള്ള വീടുകളിൽ വിഷുവിൻ്റെ സൂപ്പർ സ്റ്റാർ ആണ് ഉണ്ണിയപ്പം വെയ്ക്കുന്ന കണിക്കലം.

കാസർഗോഡിൻ്റെ കുശവ ഗ്രാമമായ എരിക്കുളത്ത് നിന്നാണ് ഈ കണിക്കലങ്ങൾ പിറവിയെടുക്കുന്നത്. കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ ഈ കളിമൺ നിർമാണഗ്രാമത്തിൽ നിന്നും ഏകദേശം ഒരു വര്ഷത്തിനടുത്തെ നിർമാണ പ്രവർത്തനങ്ങൾക്കിടയിലാണ് ഈ കണിക്കലങ്ങൾ പിറവിയെടുക്കുന്നത്.

എരിക്കുളം വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഗോപുരത്തിൽ നിന്ന് തിരികത്തിച്ച് കൊണ്ടുവന്ന് വീട്ടിലെ വിളക്ക് കൊളുത്തുന്നതോടെയാണ് ഇവിടെ ഒരുവർഷം ആരംഭിക്കുന്നത്. മേടമാസം രണ്ടാം തീയതി മുതൽ പത്ത് ദിവസങ്ങളിലാണ് എരിക്കുളം വയലിൽ നിന്ന് ഒരു വർഷത്തേക്കുള്ള കളിമണ്ണ് ശേഖരിക്കുക . വയലിൻ്റെ ഓരോ ഭാഗത്തും ഓരോ നിറത്തിലും ഗുണത്തിലും ഉള്ള കളിമണ്ണായിരിക്കും ഉണ്ടാവുക. കുടുംബാംഗങ്ങൾ മുഴുവനായും മണ്ണെടുപ്പിൽ സഹകരിക്കുന്നത് വഴി ഇതൊരു കൂട്ടായ പ്രവർത്തനമായി മാറും .പിന്നീട് വിവിധ ഘട്ടങ്ങളിലായ് മൺപാത്ര നിർമാണം പൂർത്തിയാവുന്നു.

ഇത്തരത്തിൽ പൂർത്തിയാവുന്ന കലത്തിനെ പച്ചരി പൊടിച്ചു വെള്ളം കലർത്തി ദ്രാവകരൂപത്തിലാക്കി മൺകലത്തിന് പുറത്ത് കൈകൊണ്ട് അലങ്കാരഭംഗി വരുത്തി സുന്ദരമാക്കുന്നതോടെ കണി വെക്കാനുള്ള കൂട്ടത്തിലേക്ക് കണിക്കലവും കൈ കോർക്കുന്നു. കണി കാണുബോൾ , കാരയപ്പം കിട്ടുമ്പോൾ കുട്ടികൾക്ക് സന്തോഷം വരുന്നത് പോലെ പ്രധാനമല്ലേ കേരളത്തിലെ ഒരു മൺപാത്ര സംസ്കാരം ക്ഷയിച്ചു പോവാതെ മുറുകെ പിടിക്കേണ്ടത് ? മുൻകാലങ്ങളിൽ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ഗ്രാമച്ചന്തകളിൽ തലച്ചുമടായിട്ടായിരുന്നു എരിക്കുളത്തിന്റെ കണിക്കലങ്ങൾ എത്തിയിരുന്നത്.

കുഞ്ഞു ജനിച്ചാലും പുതിയ വീട് എടുത്താലും വരുന്ന ആദ്യ വിഷുക്കാലത്തിന് ആളുകൾ ഓർമിച്ചു വാങ്ങുന്ന കണിക്കലങ്ങളിൽ അപ്പം ചുട്ടു നിറയ്ക്കാനും വരുന്ന കുഞ്ഞുങ്ങൾക്കും വീട്ടിലെ കുഞ്ഞുങ്ങൾക്കും കൈനീട്ടത്തോടൊപ്പം സ്നേഹത്തിന്റെ മധുരം നിറയ്ക്കാൻ കാരയപ്പം കൊടുക്കുന്നത്തിനു ശേഷം വീട്ടിലെ മറ്റു പാചകങ്ങൾക്കായി ഉപയോഗിക്കുന്നതാണ് . ഏകദേശം നൂറിന് പുറത്തു കുടുംബങ്ങൾ ഈ കൈത്തൊഴിൽ കൊണ്ട് ജീവിക്കുന്നു എന്നതറിയുമ്പോൾ ഈ കണിക്കലങ്ങൾ കേവലം കാസർഗോഡ് മാത്രം ഒതുങ്ങി പോവേണ്ട ഒന്നാണോ എന്ന സംശയത്തോടോപ്പം ഉത്തരവാദിത്ത ഉപഭോഗ്ത സംസ്കാരം വിഷുവിനെങ്കിലും നമ്മൾ മുറുകെ പിടിക്കേണ്ടതല്ലേ എന്ന ചോദ്യം മനസ്സിനോട് ചോദിച്ചു കൊണ്ട് ഈ വിഷുവും പടിയിറങ്ങും. അപ്പോളും അടുത്ത കൊല്ലത്തിനുള്ള കണിക്കലങ്ങളുടെ നിർമാണത്തിനു വേണ്ടി എരിക്കുളം ഗ്രാമം കളിമണ്ണിന്റെ കരവിരുതിൽ തിരക്കിലാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Read the article at  https://stories.impresa.in