കൂവാഗത്തെ ദേവാംഗനമാർ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ കൂവാഗം എന്ന ഉൾഗ്രാമത്തിലാണ് കൂത്താണ്ടവർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റും വിശാലമായ പാടശേഖരങ്ങൾക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് കൂവാഗം. കൂത്താണ്ടവർ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന അറവാൻ അഥവാ ഇരവാൻ എന്ന ദേവനാണ് ഈ ഗ്രാമത്തിന്റെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ക്ഷേത്രത്തിനു ചുറ്റിലുമായുള്ള പരിതാപകരമായ തെരുവുകളിലെ കുടിലുകളിൽ ഗ്രാമവാസികൾ താമസിക്കുന്നു. കാലം മാറിയപ്പോൾ ചില കുടിലുകളെങ്കിലും കോൺക്രീറ്റ് ഭവനങ്ങളായി മാറിയിട്ടുണ്ട്. തമിഴ് മാസമായ ചിത്തിരൈ മാസത്തിലെ പൗർണ്ണമി നാളിൽ നടക്കുന്ന കൂത്താണ്ടവർ ക്ഷേത്രത്തിലെ ഉത്സവമാണ് ഈ ഗ്രാമത്തെ കുറിച്ചുള്ള വിവരങ്ങൾ പുറം ലോകത്തേക്ക് എത്തിക്കുന്നത്.
ചിത്രാ പൗർണ്ണമി നാളിൽ ഇവിടെ നടക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂർ, മുംബൈ മുതലായ ഇന്ത്യൻ നഗരങ്ങളിൽ നിന്നും ട്രാൻസ് ജെന്റേഴ്‌സ് അഥവാ ഭിന്നലിംഗക്കാർ ഇവിടേക്ക് ഒഴുകിയെത്തുന്നു. ട്രാൻസ് ജെന്റേഴ്‌സിൽ തന്നെ ട്രാൻസ് വിമൺന്റെ ആഘോഷമാണ് കൂത്താണ്ടവർ കോവിലിലെ ചിത്രാ പൗർണ്ണമി ഉത്സവം.
ഉത്സവത്തെ കുറിച്ച് പറയുന്നതിനു മുൻപായി ആമുഖമായി അതിന്റെ ഐതിഹ്യത്തെ കുറിച്ച് പരാമർശ്ശിക്കേണ്ടതുണ്ട്. ആരാണ് കൂത്താണ്ടവർ അഥവാ അറവാൻ? ഉത്തരം അന്വേഷിച്ചുപോയാൽ നമ്മൾ എത്തിച്ചേരുന്നത് മഹാഭാരത കഥയിലേക്കാണ്. മഹാഭാരതത്തിൽ അറവാൻ എന്നൊരു കഥാപാത്രമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നോ ഇല്ല എന്നോ പറയാൻമാത്രം മഹാഭാരതം മുഴുവനായി ഞാൻ വായിച്ചിട്ടില്ല. എങ്കിലും അടിസ്ഥാനപരമായ ചിന്താശേഷിയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് അറവാൻ ഒരു തമിഴ് നാടോടി കഥാപാത്രമാണെന്നാണ്. പ്രാദേശിക കഥകളേയും കഥാപാത്രങ്ങളേയും മഹാഭാരതം, രാമായണം എന്നീ ഇതിഹാസങ്ങളുമായി ബന്ധപ്പെടുത്തി നാടോടിക്കഥകൾ മെനയുന്ന രീതി പണ്ടുമുതലേ ഭാരതത്തിലാകമാനം നിലനിന്നിരുന്നുവല്ലോ. ഐതിഹ്യപ്രകാരം അർജ്ജുനന്റെ നാല് മക്കളിൽ ഒരാളാണ് അറവാൻ. അർജ്ജുനന് ഉലൂപി എന്ന നാഗസുന്ദരിയിൽ പിറന്ന മകനാണ് അറവാൻ എന്നുകൂടി പറഞ്ഞുവയ്ക്കുന്നതിലൂടെ അറവാനും മഹാഭാരതവും തമ്മിലുള്ള ബന്ധത്തെ ഇവിടെ അരക്കിട്ടുറപ്പിക്കുകയാണ്. മഹാഭാരതയുദ്ധം പതിനാറ് ദിവസങ്ങൾ പിന്നിട്ടിട്ടും പാണ്ഡവർക്ക് വിജയം അന്യമായി നിന്നു. പാണ്ഡവ പക്ഷത്ത് വലിയ ആൾ നാശവും അഭിമന്യുവിനെ പോലെയുള്ള മഹാരഥന്മാർ മരിച്ചുവീഴുകയും ചെയ്തു. യുദ്ധവിജയത്തിനായി ഇനി എന്തു ചെയ്യണം എന്നറിയാതെ പാണ്ഡവർ കുഴങ്ങിയപ്പോൾ ശ്രീകൃഷ്ണൻ തന്റെ യോഗനിദ്രയിൽ പ്രശ്നം എന്താണെന്ന് മനസ്സിലാക്കുന്നു. പാണ്ഡവരുടെ യുദ്ധവിജയത്തിനായി തടസ്സമായി നിൽക്കുന്നത് അർജ്ജുന പുത്രനായ അറവാനാണ്.
അറവാൻ യുദ്ധത്തിനിറങ്ങാതെ പാണ്ഡവർക്ക് വിജയിക്കാനാവില്ല. അറവാൻ യുദ്ധത്തിനിറങ്ങിയാൽ മാത്രമേ അർജ്ജുനന് കർണ്ണനെ വധിക്കാൻ കഴിയൂ. കർണ്ണൻ മരിക്കാതെ കൗരവരെ തോൽപ്പിക്കാൻ പാണ്ഡവർക്കാവില്ല. കൃഷ്ണൻ ഇക്കാര്യം പാണ്ഡവ പാളയത്തിൽ ചർച്ചചെയ്തു. തന്റെ വില്ലാളി വീരനായ പുത്രൻ അഭിമന്യുവിനു കഴിയാത്ത കാര്യം യുദ്ധം ചെയ്ത് പ്രാവീണ്യമില്ലാത്ത പുത്രനായ അറവാനു കഴിയില്ലെന്ന് അർജ്ജുനൻ പറഞ്ഞപ്പോൾ യുദ്ധത്തിനു പോകാൻ താൻ ഒരുക്കമാണെന്ന് അറവാൻ പാണ്ഡവ പക്ഷത്തിന്റെ നേതാവായ തന്റെ വല്യച്ഛൻ യുദ്ധിഷ്ഠിരനെ അറിയിക്കുന്നു. പിറ്റേന്ന് നടക്കാൻ പോകുന്ന യുദ്ധത്തിൽ താൻ മരിക്കുമെന്ന് അറവാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് കൗമാരം വിട്ട് യൗവ്വനത്തിലേക്ക് കടക്കാൻ തുടങ്ങിരുന്ന അറവാൻ കൃഷ്ണനു മുന്നിൽ ഒരു അഭ്യർത്ഥന വച്ചു. യുദ്ധത്തിനു പോകുന്നതിനു മുൻപ് തനിക്ക് വിവാഹം കഴിക്കണമെന്നും ഒരു ദിവസമെങ്കിലും ദാമ്പത്യ സുഖം അനുഭവിക്കണമെന്നുമായിരുന്നു അറവാൻ ആവശ്യപ്പെട്ടത്. കൃഷ്ണനും പാണ്ഡവരും അറവാനു വിവാഹം കഴിക്കാനായി ഒരു വധുവിനായി പലയിടത്തും അന്വേഷിച്ചു എന്നാൽ പിറ്റേന്ന് യുദ്ധത്തിനിറങ്ങാൻ പോകുന്ന, ചിലപ്പോൾ ഒരു ദിവസം മാത്രം ആയുസ്സുള്ള അറവാനെ വിവാഹം ചെയ്യാൻ ഒരു സ്ത്രീയും തയ്യാറായില്ല.
ഒടുവിൽ കൃഷ്ണൻ മഹാവിഷ്ണുവിന്റെ മോഹിനീ രൂപമെടുത്ത് അറവാനെ വിവാഹം ചെയ്യാൻ തയ്യാറായി വന്നു. അതൊരു ചിത്രാ പൗർണ്ണമി ദിവസമായിരുന്നു. അറവാൻ മോഹിനിയെ മഞ്ഞച്ചരടിൽ കോർത്ത താലികെട്ടി നെറ്റിയിൽ സിന്ദൂരം തൊടുവിച്ച് വിവാഹം ചെയ്തു. വിവാഹം നടന്നത് മഹാഭാരത യുദ്ധത്തിന്റെ പതിനാറാം ദിവസം പകൽ ആയിരുന്നു. അന്ന് രാത്രി അറവാന്റേയും മോഹിനിയുടേയും മധുവിധു ആയിരുന്നു. ഇപ്രകാരം മോഹിനി അറവാന്റെ ആഗ്രഹം സാധിച്ചു നൽകി. പിറ്റേന്ന് രാവിലെ യുദ്ധത്തിനു പോകാൻ ഒരുങ്ങിയ അറവാനെ ഭാര്യയുടെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് കരഞ്ഞ മോഹിനിയോട് തന്നെ ഒരു വീരനെ പോലെ യാത്രയാക്കാൻ അറവാൻ ആവശ്യപ്പെടുന്നു. ആരതിയുഴിഞ്ഞും തിലകം ചാർത്തിയും മോഹിനി അറവാനെ യാത്രയാക്കുന്നു. അലങ്കരിച്ച തേരിലേറി യുദ്ധത്തിനു പോയ അറവാൻ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കൗരവ സേനയിലേക്ക് ഇരച്ചുകയറി ധീരമായി പോരാടി. ഒരു പുരുഷൻ എല്ലാം തികയണമെങ്കിൽ അവനൊരു ഭാര്യ കൂടിയേതീരൂ. മോഹിനിയുമായുള്ള വിവാഹത്തോടെ ശരാശരിക്കാരനായിരുന്ന അറവാൻ ഏറ്റവും മികച്ച യോധാവായി മാറി. കൗരവ പക്ഷത്ത് മരണം വിതച്ച് മുന്നേറിയ അറവാൻ സൂര്യാസ്തമയത്തിനു തൊട്ടുമുൻപായി യുദ്ധത്തിൽ രക്തം വാർന്ന് മരിച്ചുവീണു.
ഇതിനു ശേഷമാണ് അർജ്ജുനന് ചതിയിൽക്കൂടിയാണെങ്കിൽ കൂടിയും കർണ്ണനെ വധിക്കാൻ കഴിയുന്നത്. കർണ്ണന്റെ മരണം കൗരവ പക്ഷത്തിന്റെ തോൽവി അടയാളപ്പെടുത്തിയ സംഭവമായിരുന്നു. പതിനേഴാം ദിവസം കർണ്ണന്റെ മരണം കൗരവ പക്ഷത്തേയും അറവാന്റെ മരണം പാണ്ഡവ പക്ഷത്തേയും ദുഃഖത്തിലാഴ്ത്തി. അറവാന്റെ മൃതശരീരവുമായി പാണ്ഡവ പാളയത്തിലേക്ക് വന്ന വിലാപയാത്ര കണ്ട് മോഹിനി അലമുറയിട്ട് കരഞ്ഞു. അവൾ തന്റെ കുപ്പിവളകൾ തല്ലിപ്പൊട്ടിച്ചു. പുരോഹിതർ അവളുടെ താലി മുറിച്ചെടുത്തു. മോഹിനി വെള്ളവസ്ത്രം ധരിച്ച് നിലവിളിച്ച് അറവാന്റെ മൃതശരീരത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു. സ്ത്രീയായി പിറന്ന ഒരുവൾ അവളുടെ ഭർത്താവിനെ സ്നേഹിക്കുന്നതിലധികം മായാസ്ത്രീ ആയ മോഹിനി അറവാനെ സ്നേഹിച്ചു. സൂര്യൻ അസ്തമിച്ചു. അറവാന്റെ ശരീരത്തെ വിഴുങ്ങിക്കൊണ്ട് അവസാന തീനാളവും പട്ടടയിൽ കെട്ടടങ്ങി. മോഹിനി…അവൾ അറവാന്റെ വിധവയായി വെള്ളവസ്ത്രവുമെടുത്ത് യുദ്ധഭൂമിയിൽ നിന്ന് നടന്നു നീങ്ങി എങ്ങോ മറഞ്ഞു.
കൂവാഗത്ത് ചിത്രാ പൗർണ്ണമിക്ക് എത്തിച്ചേരുന്ന ഒരോ ട്രാൻസ് വുമണും മോഹിനിയാണ്. അറവാനെ വിവാഹം ചെയ്ത മോഹിനിമാർ. അറവാന്റെ ഭാര്യമാർ എന്ന അർത്ഥത്തിൽ ഇവരെ അറവാണികൾ എന്ന് വിളിച്ചുവന്നിരുന്നു. എന്നാൽ സ്ത്രീയും പുരുഷനും അടങ്ങുന്ന ഭൂരിപക്ഷ സമൂഹത്തിൽ അറവാണി എന്ന വാക്ക് മോശം അർത്ഥത്തിൽ ഉപയോഗിക്കുന്നതിനാൽ അറവാണികൾ എന്ന് അറിയപ്പെടാൻ ഇവരിൽ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നില്ല. പകരം ‘തിരുനങ്കൈ’ എന്ന് വിളിക്കപ്പെടാനാണ് ഇവർ ആഗ്രഹിക്കുന്നത്. തിരുനങ്ക എന്നാൽ ശ്രീമതി എന്നാണർത്ഥം. ചിത്രാ പൗർണ്ണമിയും അതിന്റെ പിറ്റേന്നുമാണ് ഉത്സവത്തിന്റെ പ്രധാന ദിവസങ്ങൾ എങ്കിലും പതിനെട്ട് ദിവസങ്ങൾ മുൻപ് ഉത്സവം തുടങ്ങുന്നു. പതിനെട്ടു ദിവസത്തെ ഉത്സവം പതിനെട്ട് ദിവസത്തെ മഹാഭാരത യുദ്ധത്തെ ഓർമ്മപ്പെടുത്തുന്നു. ചിത്രാപൗർണ്ണമി ദിവസം രാവിലെയാണ് തിരുനങ്കൈകൾ അറവാന്റെ ഭാര്യമാരാകുന്നത്. അണിഞ്ഞൊരുങ്ങി വരുന്ന ഒരോ തിരുനങ്കയ്ക്കും മങ്കമാർ തോൽക്കുന്ന ഉടലഴകാണുള്ളത്. അവർ കുപ്പിവളകൾ അണിഞ്ഞ് ആടിയും പാടിയും മഞ്ഞച്ചരടിൽ കോർത്ത താലിയുമായി ക്ഷേത്രത്തിനകത്തേക്ക് പോകുന്നു. അവിടെ അറവാൻ സ്വാമിയുടെ വിഗ്രഹത്തെ സാക്ഷി നിർത്തി ക്ഷേത്രത്തിലെ പൂജാരി അവരെ ഒരോരുത്തരെയായി താലികെട്ടുന്നു. ഇതല്ലാതെ ഇവർക്ക് താലികെട്ടാനായി പ്രത്യേകം പുരുഷന്മാരുണ്ടെങ്കിൽ ആ പുരുഷന്മാർക്കും താലികെട്ടാം. താലികെട്ട് ചടങ്ങ് കഴിഞ്ഞാൽ തിരുനങ്കകൾ ആഹ്ലാദത്തോടെ ക്ഷേത്രത്തിനു പുറത്തേക്ക് വരുന്നു. ചിത്രങ്ങൾക്ക് പോസ് ചെയ്തും പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷിക്കുന്ന ഒരു തിരുനങ്ക പോലും ഒരാളോടും അപമര്യാദയോടെ പെരുമാറുന്നില്ല, തിരിച്ച് അവരോടും ആരും മോശമായി പെരുമാറുന്നില്ല. ഇവിടെ എത്തുന്നതുവരെ അൽപം പേടിയൊക്കെ ഞങ്ങൾക്ക് ഉണ്ടായിരുന്നെങ്കിലും അൽപസമയം കൊണ്ട് തന്നെ അതെല്ലാം മാറി.
നമ്മുടെ നാട്ടിൽ പൂരം കാണുന്ന ധൈര്യത്തോടേ സ്ത്രീക്കും പുരുഷനും ഭിന്നലിംഗക്കാർക്കും ഈ ഉത്സവത്തിൽ പങ്കെടുക്കാം. ഒരുപക്ഷേ എല്ലാവിഭാഗം ആളുകളും പങ്കെടുക്കുന്ന അപൂർവ്വം ഉത്സവങ്ങളിൽ ഒന്നായിരിക്കും കൂത്താണ്ടവർ കോവിലിലേത്. ക്ഷേത്രത്തിനു മുന്നിലായി അറവാൻ സ്വാമിയുടെ രഥം കിടക്കുന്നത് കാണാം. അതിനു സമീപത്തായി വൈക്കോൽ കൂട്ടിയിട്ട് പിരിച്ച് കയറുപോലെ ആക്കുന്നു. രഥത്തിൽ കെട്ടാൻ വേണ്ടിയാണ്. അതിനു മുന്നിലായി കർപ്പൂരം കത്തിച്ച് അതിനു ചുറ്റിലുമായി താലികെട്ടി വന്ന തിരുനങ്കൈകളും താലികെട്ടാൻ പോകുന്ന തിരുനങ്കൈകളും സംഘസംഘങ്ങളായി വന്ന് കൈകൊട്ടി കുമ്മിയടിക്കുന്നു. ചുറ്റിലും മനോഹരികളായ മോഹിനികളായ തിരുനങ്കൈകൾ. ഇതിൽ ചിലരെങ്കിലും നല്ല നിലയിലാണ് ജീവിക്കുന്നത്. ഇവിടെയെത്തിയ ട്രാൻസ്‌ജെൻഡർമാരിൽ പിഎച്ച്‌ഡി നേടിയവരുണ്ട്, മെയ്ക്കപ്പ് ആർട്ടിസ്റ്റുകൾ, നൃത്താദ്ധ്യാപികമാർ മുതലായി ഫിലിം ഇന്റസ്‌ട്രിയിൽ ജോലി ചെയ്യുന്നവർ മുതൽ മോഡലുകളും ടീച്ചർമാരും വരെയുണ്ട്.
ഏകദേശം 35 വയസ്സ് തോന്നിക്കുന്ന മനോഹരിയായ ഒരു തിരുനങ്കൈയെ പരിചയപ്പെട്ടു. അവൾ കോയമ്പത്തൂരിൽ ഒരു സ്കൂളിൽ ടീച്ചറായി ജോലിചെയ്യുകയാണ്. കൂടെ നിന്ന് ഒരു സെൽഫി എടുത്തു. മിസ് കൂവാഗത്തോടൊപ്പവും ഒരു സെൽഫി എടുത്തു. മറ്റൊരു അതിസുന്ദരിയായ തിരുനങ്കയോട് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടു നൽകിയ അനുവാദവും അവളുടെ മുഖത്ത് വിരിഞ്ഞ ലജ്ജകലർന്ന ഭാവവും പെട്ടെന്ന് ചുവന്നു തുടുത്ത അവളുടെ കവിളുകളും ഒരു നിമിഷം എന്നിൽ ഒരു കാമുകഭാവമുണർത്തി എന്ന് പറയാൻ എനിക്ക് മടിയില്ല. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന അവൾ ഒരു യഥാർത്ഥ സ്ത്രീ തന്നെയാണെന്നേ ആരും പറയൂ. പൗരുഷത്തിന്റെ നേരിയ ലാഞ്ജന പോലും ആ മുഖത്തോ ശരീരത്തിലോ ദർശ്ശിക്കാനായില്ല. സത്യത്തിൽ അവളുടെ ഫോട്ടോ പകർത്തുമ്പോൾ, എനിക്കായി ചിരിച്ചുകൊണ്ട് വിവിധ ആങ്കിളുകളിൽ അവൾ പോസ് ചെയ്തപ്പോൾ എന്റെ ഹൃദയതാളം പെരുമ്പറ കൊട്ടുന്നതായും കൈകൾ വിറക്കുന്നതായും അനുഭവപ്പെട്ടു. സുന്ദരികളായ സ്ത്രികളിൽ വലിയൊരു വിഭാഗം ജാഡക്കാരികൾ ഉള്ളതുപോലെത്തന്നെ തിരുനങ്കകളിലെ ചില സുന്ദരികൾക്കും ജാഡയുണ്ട്. ഏകദേശം 22 വയസ്സ് പ്രായം തോന്നിക്കുന്ന നീലസാരി ഉടുത്ത അതീവ സുന്ദരിയായ ഒരു തിരുനങ്കയോട് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ, “ഫോട്ടോ എടുക്കക്കൂടാത്” എന്ന് പറഞ്ഞ് ഒരു പുച്ഛഭാവത്തോടെ അവൾ നടന്നു നീങ്ങി. അവൾ അവിടുത്തെ തിരുനങ്കൈകളിലെ സൂപ്പർ സ്റ്റാർ ആണെന്ന് തോന്നുന്നു. അവളുടെ ഫോട്ടോ എടുക്കാനും അവൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും ആളുകൾ തിക്കും തിരക്കും കൂട്ടി.
ആ സമയത്ത് ഞാൻ അതിൽ നിന്ന് മാറി നിന്ന് നേരത്തെ പറഞ്ഞ ശാലീന സുന്ദരിയുടെ ഫോട്ടോ എടുക്കാൻപോയി. അവളോട് കുപ്പിവള ഇടാമോ എന്ന് ചോദിച്ചപ്പോൾ അവൾ വള വിൽപ്പനക്കാരിയുടെ മുന്നിൽ ഇരുന്നു. അവളുടെ കൂടെ ഉണ്ടായിരുന്ന കുറച്ച് തന്റേടം ഉള്ള മറ്റൊരു സുന്ദരി, എനിക്ക് അവൾക്ക് വള ഇട്ട് കൊടുക്കണം എന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, അത് വേണ്ട നിങ്ങൾ ഇട്ടുകൊടുത്താൽ മതി ഞാൻ ഫോട്ടോ എടുത്തോളം. അപ്പോൾ തന്റേടക്കാരിയായ അവളുടെ കൂട്ടുകാരി ‘എടാ പാവി’ എന്നും പറഞ്ഞ് ചിരിച്ചു. ഇതൊക്കെ കണ്ടതുകൊണ്ടായിരിക്കാം നീലസാരി ഉടുത്ത സൂപ്പർ സ്റ്റാർ സുന്ദരി എനിക്ക് ഫോട്ടോ എടുക്കാൻ അനുവാദം തരാഞ്ഞതും എന്റെ ക്യാമറയുടെ മുന്നിലേക്ക് മാത്രം മനപ്പൂർവ്വം പോസ് ചെയ്യാതിരുന്നതും. സുന്ദരിയായ അവളെ വക വയ്ക്കാതെ മറ്റൊരുവളുടെ ഫോട്ടോ എടുക്കാൻ പോയതല്ലേ ഞാൻ.
ഭിന്നലിംഗക്കാരെ തമിഴ് സമൂഹം മലയാളികൾ കാണുന്നതിനേക്കാൾ ബഹുമാനത്തോടെയാണ് കാണുന്നത്. മലയാളികൾക്ക് മൂന്നാംലിംഗക്കാർ എന്നും പരിഹാസപാത്രങ്ങൾ മാത്രമായിരുന്നല്ലോ. നമ്മുടെ സിനിമകൾ തന്നെ അതിന് ഉദാഹരണങ്ങളാണ്. ഭിന്നലിംഗക്കാർ കളിയാക്കപ്പെടേണ്ടവരാണെന്ന തലതിരിഞ്ഞ ബോധമാണ് മലയാളിയുടേത്. ഇത് ശാരീരികവും മാനസീകവുമായ ഒരു അവസ്ഥയാണെന്നും ഒരാൾ വിചാരിച്ചാൽ സ്വയം മാറ്റാൻ കഴിയാത്തതാണെന്നും മനസ്സിലാക്കി അവരോട് പെരുമാറാൻ നമ്മുടെ സമൂഹം ഇനി എന്നാണ് പഠിക്കുക? ഇത്തരം അവസ്ഥകൾ ഉള്ളവർക്ക് വീടുവിട്ടുപോകേണ്ടി വരുന്നു. അവരെ ആരും മനസ്സിലാക്കുകയില്ല. സമൂഹത്തിൽ നിന്ന് ബഹിഷ്കൃതരാകുന്ന ഇവർക്ക് പിന്നെ ഉപജീവനത്തിനായി ലൈംഗിക തൊഴിലിൽ ഏർപ്പെടേണ്ടി വരുന്നു. ഇങ്ങനെയാണ് ഇവരിൽ പലരും ലൈംഗിക തൊഴിലാളികളും ഭിക്ഷക്കാരുമാകുന്നത്. എന്നാൽ ഇപ്പോൾ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച ടീച്ചറെ പോലെ ധാരാളം പേർ ഉയർന്ന ഉദ്യോഗങ്ങളിലേക്ക് കടന്നുവരാൻ തുടങ്ങിയിരിക്കുന്നു. ഒന്ന് ആലോചിക്കുക നമ്മുടെ ഒരു കുട്ടിക്കാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെങ്കിൽ നമ്മൾ അവരെ അടിച്ചുപുറത്താക്കുമോ? എനിക്ക് കഴിയില്ല, എന്നാണ് എനിക്ക് പറയാൻ ഉള്ളത്. പകരം അവരെ ചേർത്ത് നിർത്തിയാൽ കുത്തഴിഞ്ഞ ഒരു ജീവിതത്തിലേക്ക് അവർ വലിച്ചെറിയപ്പെടുകയില്ല. അവർ ഇങ്ങനെ ആയതിന് അവരെ തെരുവിലേക്ക് വലിച്ചെറിഞ്ഞ അവരുടെ മാതാപിതാക്കൾ മാത്രമാണ് കാരണക്കാർ. അവരുടെ ശാരീരികമായ അവസ്ഥയും മാതാപിതാക്കളിലൂടെ അവർക്ക് പകർന്നുകിട്ടിയതാണ്. അതുകൊണ്ട് അത്തരം മാതാപിതാക്കൾ ഇരട്ടകുറ്റകൃത്യം ചെയ്തവരാകുന്നു.
ഉത്സവത്തോടനുബന്ധിച്ച് വർഷംതോറും മിസ് കൂവാഗം സൗന്ദര്യമത്സരം നടത്തുന്നുണ്ട്. വെറും സൗന്ദര്യം മാത്രമുണ്ടായതുകൊണ്ട് മിസ് കൂവാഗമാകാൻ കഴിയില്ല. അതിന്റെ സംഘാടകർ ചോദിക്കുന്ന കാര്യങ്ങളിൽ അറിവ് കൂടി ഉണ്ടായിരിക്കണം. ആരോഗ്യപരമായ പരിജ്ഞാനവും എച്ച് ഐ വി വൈറസിനെ കുറിച്ചുള്ള അവബോധവുമെല്ലാം അതിൽ പ്രധാനമാണ്. ഇവരിൽ ലൈംഗിക അവബോധവും ആരോഗ്യ അവബോധവും ഉണ്ടാക്കാനായി വിവിധ എൻ ജി ഓ കൾ ഇപ്പോൾ പ്രവർത്തിച്ചുവരുന്നുണ്ട്. സൂര്യകിരണങ്ങൾ സ്വർണ്ണവർണ്ണമാർന്ന് മരച്ചില്ലകൾക്കിടയിലൂടെ താഴ്‌ന്നുതാഴ്‌ന്ന് പോകുന്നു. താലികെട്ടൽ കഴിഞ്ഞ തിരുനങ്കൈകളുടെ പല സംഘങ്ങളും അവരുടെ വാഹനങ്ങളിൽ കയറി താമസ സ്ഥലങ്ങളിലേക്ക് പോകുന്നു. പുതിയ ചില സംഘങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അപ്പോഴും താലികെട്ടൽ ചടങ്ങ് നടന്നുകൊണ്ടിരിക്കുന്നു. അതുവരെ വാർത്താ ചാനലുകൾക്ക് ഇന്റർവ്യൂ കൊടുത്തും ഫോട്ടോ എടുക്കാൻ ഒപ്പം നിന്നവരുമായ തിരുനങ്കമാരെയൊന്നും പിന്നെ കാണാൻ കഴിഞ്ഞില്ല. അവരെല്ലാം തന്നെ സാരിയാണ് ഉടുത്തിരുന്നത്. അപൂർവ്വം ചിലർ ലാച്ചയും ധരിച്ചിരുന്നു. വിദേശികളായ ചില തിരുനങ്കമാരേയും ഇവിടെ കണ്ടു. അവരും അറവാന്റെ ഭാര്യമാരാകാൻ വന്നവരാണ്. എന്നാൽ വൈകീട്ട് വന്നത്തിയ സംഘങ്ങളിൽ പലരും അൽപവസ്ത്ര ധാരികളും മേനി പ്രദർശ്ശിപ്പിച്ച് ആളെ കൂട്ടുന്നവരായും തോന്നി. വയലുകളിൽ അങ്ങിങ്ങായി വൈദ്യുത വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കയിടത്തും ഇരുട്ട് തന്നെയാണ്. വയലിനു നടുവിലായി ഒരു തുരുത്തുണ്ട്. അതാണത്രേ അറവാന്റേയും മോഹിനിയുടേയും ആദ്യരാത്രി നടന്ന മണിയറ. വയലിൽ അങ്ങിങ്ങായി ആളുകൾ നിൽക്കുന്നത് കാണാം.
താലികെട്ടൽ കഴിഞ്ഞാൽ ആദ്യരാത്രി ആഘോഷിക്കും എന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും അത് എന്റെ എല്ലാവിധ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു. വല്ല റൂമിലോ മറ്റോ ആയിരിക്കും മധുവിധു എന്നല്ലേ നമ്മൾ കരുതുകയുള്ളൂ. ഇത് ഒരു ലജ്ജയുമില്ലാതെ തുറന്ന വയലുകളിലാണ്. അതിൽ ട്രാൻസ് വുമൺസും പുരുഷന്മാരും സ്ത്രീകളും എല്ലാം ഉൾപ്പെടുന്നു. ഈ ഒരു ആചാരത്തിന്റെ പേരിൽ അന്ന് ആർക്കും അവിടെ ആരേയും കൊണ്ടുവന്ന് ആകാശമാകുന്ന മേൽക്കൂരക്ക് താഴെ പൂർണ്ണ ചന്ദ്രന്റെ പ്രഭയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം, പ്രകൃതി വിരുദ്ധ പ്രവർത്തികളെല്ലാം ചെയ്യാം, ഒരു പോലീസും തടയാൻ വരില്ല എന്ന് മാത്രമല്ല പോലീസിന്റെ പരിപൂർണ സംരക്ഷണത്തിലാണ് ഇതെല്ലാം നടക്കുന്നത് എന്നുകൂടിയുണ്ട്. സമൂഹ വ്യഭിചാരത്തിനു പോലീസ് കാവൽ! കാശ് കൊടുത്ത് ഒരോരുത്തന്മാർ വന്ന് ഒരോന്നിനെ കൊണ്ടുപോകുന്നു. നേരെ ഈപറഞ്ഞ വയലിലേക്കും തെങ്ങിൻ തോപ്പിലേക്കുമാണ് പോകുന്നത്.
തമിഴ്നാട് പോലീസിന്റേയും ആരോഗ്യവകുപ്പിന്റേയും കൺവെട്ടത്തു വച്ച് നടക്കുന്ന പരസ്യമായ സമൂഹ വ്യഭിചാരമാണ് ആചാരത്തിന്റെ പേരിൽ ഇവിടെ അരങ്ങേറുന്നത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് വീണ്ടും വീണ്ടും എടുത്തുപറയാതിരിക്കാൻ ആവില്ല. ഒരുമറയുമില്ലാതെ പരസ്യമായി മറ്റുള്ളവർക്ക് മുന്നിൽ വച്ചുകൊണ്ട് ലൈംഗികതയിൽ ഏർപ്പെടുക. മനസ്സ് മരവിച്ചതു പോലെ തോന്നി. ആളുകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നു. ഇതിൽ പകൽ വെളിച്ചത്തിൽ കണ്ടവരെ ഒന്നും കാണാനായില്ല, മിക്കവരും പുതിയ മുഖങ്ങളാണ്. അധികവും സമീപ പ്രദേശങ്ങളിൽ ഉള്ളവരാണെന്ന് ഓട്ടോ റിക്ഷകളിൽ വന്നിറങ്ങുന്നത് കാണുമ്പോൾ മനസ്സിലാകുന്നു. ദൂരെ നിന്നുള്ളവരെല്ലാം ഗ്രൂപ്പ് ആയി ട്രാവലർ വിളിച്ചിട്ടാണ് വരുന്നത്. അവർ താലികെട്ട് കഴിഞ്ഞ് വാഹനത്തിൽ കയറി താമസ സ്ഥലങ്ങളിലേക്ക് പോകുന്നു. രാവിലെ കണ്ട നിറമുള്ള കാഴ്ചകൾ കൊണ്ട് നിറഞ്ഞ മനസ്സ് പക്ഷേ രാത്രിയിൽ കാണേണ്ടിവന്ന സംഘം ചേർന്നതും ഒറ്റപ്പെട്ടതുമായി ചുറ്റിലും നടക്കുന്ന നഗ്നമായ സമൂഹവ്യഭിചാരം കണ്ട് തകർന്നുപോയി. അത് കണ്ടുനിൽക്കുന്ന പോലീസ് സേനക്കൊപ്പം ഇവർക്ക് വേണ്ട ആരോഗ്യപരമായ നിർദ്ദേശങ്ങൾ നൽകാൻ നേഴ്‌സുമാരുടെ സംഘങ്ങളുമുണ്ട്. എന്തൊരു ലോകമാണിത്! ഒരു ഗവൺമന്റ് സ്പോൺസേർഡ് വ്യഭിചാരമാണ് ആചാരം എന്ന പേരിൽ നടക്കുന്നത്.
പകൽ നടക്കുന്ന ആഘോഷങ്ങൾ എല്ലാം നിലനിർത്തിക്കൊണ്ട് രാത്രിയിലെ ഇത്തരം അനാചാരങ്ങൾ നിയമം മൂലം നിർത്തലാക്കേണ്ടത് ഒരു പരിഷ്കൃത സമൂഹത്തിൽ അത്യന്താപേക്ഷിതമാണ്. അങ്ങനെ ഒരു ആചാരം ഈ നാട്ടിൽ കണ്ടുപരിചയമില്ലാത്തതിനാൽ ആവാം സ്ഥലകാല ബോധം വീണ്ടുകിട്ടാൻ ഞാൻ അൽപം ബുദ്ധിമുട്ടി. അപ്പോൾ മനസ്സ് ആശ്വസിക്കാൻ ശ്രമിച്ചു, എനിക്ക് ഫോട്ടോക്ക് പോസ് ചെയ്തുതന്ന തിരുനങ്കകളെ ആരേയും അവിടെ കണ്ടില്ലല്ലോ എന്ന്. ഒരുപക്ഷേ അവർ ആരെങ്കിലും ഇപ്രകരം ചെയ്യുന്നത് കണ്ടിരുന്നെങ്കിൽ മനസ്സ് നുറുങ്ങിപ്പോകുമായിരുന്നു. എനിക്ക് ഫോട്ടോ എടുക്കാൻ നിന്നു തന്നവരും നിൽക്കാതെ ജാഡകാണിച്ച് ഓടി മാറി പിന്നിലേക്ക് ഒളിക്കണ്ണിട്ട് നോക്കിയവളും എല്ലാവരുമായി സൗഹാർദ്ദപരമായാണ് ഞാൻ ഇടപഴകിയത്, അവർ തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. ആ ഒരു ഹൃദയബന്ധം അൽപസമയം കൊണ്ട് എനിക്ക് അവരോടെല്ലാം തോന്നി. അവരെ ആരേയും രാത്രിയുടെ മറവിൽ വയലിൽ കാണേണ്ടി വരാത്തതിനു കൂത്താണ്ടവരോട് നന്ദി പറയുന്നു.
പാടത്ത് പാർക്ക് ചെയ്ത കാറിന്റെ പിന്നിൽ കൊണ്ടുവച്ച അനേകം ബൈക്കുകൾ കാരണം ഞങ്ങൾ അവിടെ കുടുങ്ങിപ്പോയി. വില്ലുപുരത്ത് റൂം ബുക്ക് ചെയ്തിരുന്നുവെങ്കിലും കാർ എടുത്ത് പോകാൻ ശ്രമിച്ച് പരാജയപ്പെട്ടു. അപ്പോഴേക്കും മൂന്ന് ചെറുപ്പക്കാർ വന്ന് ബൈക്കുകൾ മാറ്റുകയും കാർ ഉള്ളിൽ നിന്ന് പുറത്തെടുത്ത് തരികയും ചെയ്തു. ആ നിമിഷം അവരെ വിശ്വസിക്കുക എന്നതുമാത്രമേ ഞങ്ങൾക്ക് വഴിയുണ്ടായിരുന്നുള്ളൂ. കാറിനുള്ളിൽ ക്യാമറകളും മൊബൈൽ ഫോണുകളും പേഴ്‌സും എല്ലാം ഉണ്ടായിരുന്നു. എക്സ്പെർട്ട് ഡ്രൈവേഴ്സ് എന്ന നിലയിൽ ഞങ്ങളിൽ ഉണ്ടായിരുന്ന അഹന്തയുടെ മുനയൊടിച്ച ഒരു സംഭവം കൂടിയായിരുന്നു അത്. അത്രയും വാഹങ്ങൾക്കിടയിൽ നിന്ന് ആ നാട്ടുകരനും ഡ്രൈവറുമായ ആ തമിഴ് യുവാവിനല്ലാതെ ഞങ്ങൾക്ക് കാർ എടുത്ത് പോകാൻ ഒരിക്കലും കഴിയുമായിരുന്നില്ല. ഒരു രാത്രി മുഴുവൻ അവിടെ ഇരിക്കേണ്ടിവരുമായിരുന്നു.
കേരള റജിസ്റ്റ്രേഷൻ വണ്ടി കണ്ട് തട്ടിക്കയറാൻ വന്നവരോട് “പോടാ നാൻ തമിഴൻ താൻ” എന്ന് പറഞ്ഞ് ഓടിച്ചതും അയാൾ തന്നെ ആയിരുന്നു. പിറ്റേന്ന് രാവിലെ അറവാന്റെ വിധവകളെ കാണാൻ ഞങ്ങൾ വീണ്ടും കൂവാഗത്തെത്തി. ഇപ്രാവശം 2 കിലോമീറ്റർ ദൂരെ ഒരു വീട്ടിൽ അനുവാദം ചോദിച്ച് കാർ പാർക്ക് ചെയ്ത് ടെൻഷൻ ഒഴിവാക്കി. അറവാൻ സ്വാമിയുടെ രൂപം വഹിച്ച തേരുമായി ഗ്രാമീണരും തിരുനങ്കമാരും ഗ്രാമം ചുറ്റുന്നു. പലയിടത്തും തേര് നിർത്തുമ്പോൾ തിരുനങ്കകൾ തേങ്ങ ഉടക്കുന്നു. രഥം വൈകീട്ട് അഞ്ച് മണിയോടെ ക്ഷേത്രത്തിൽ നിന്ന് ഒരുകിലോമീറ്റർ ദൂരെയായി സ്ഥിതിചെയ്യുന്ന ഒരു പോയന്റിൽ എത്തുന്നു. അവിടെ വച്ച് രഥത്തിൽ കെട്ടിയ വയക്കോൽ കയറുകൾ കത്തിക്കുന്നു. അറവാന്റെ മരണത്തെ സൂചിപ്പിക്കുന്നതാണത്.
ഇതോടെ തുരുനങ്കമാർ കയ്യിലെ കുപ്പിവളകൾ തല്ലിപ്പൊട്ടിച്ചു കളഞ്ഞ് നിലവിളിക്കുന്നു. പുരോഹിതൻ അവരുടെയെല്ലാം താലിച്ചരട് അറത്തുമാറ്റുന്നു. അവർ കുളിച്ച് വെള്ള വസ്ത്രമുടുത്ത് അറവാന്റെ വിധവകളായി കൂട്ടംകൂടിയിരുന്ന് കരയുന്നു. ദൂരദിക്കുകളിൽ നിന്ന് വരുന്ന തിരുനങ്കൈമാർ രാവിലെ തന്നെ വളകൾ പൊട്ടിച്ച് താലി അറുത്ത് വെള്ള വസ്ത്രമുടുത്ത് മടങ്ങിപ്പോകുന്നു. സമീപ പ്രദേശങ്ങളിൽ ഉള്ളവരാണ് അധികവും സന്ധ്യക്ക് നടക്കുന്ന അറവാന്റെ മരണച്ചടങ്ങുകളിൽ പങ്കെടുക്കുന്നത്.
കൂവാഗത്ത് നിന്ന് തിരിച്ചുപോരുമ്പോൾ മനസ്സ് നിർജ്ജീവമായിരുന്നു. ഇതുവരെ പരിചയപ്പെടാൻ കഴിയാത്ത ഒരുവിഭാഗം ആളുകളെ പരിചയപ്പെട്ടതിലും അവർക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതിലും അവരുടെ ഫോട്ടോസ് എടുത്തതിലും എല്ലാം മനസ്സ് ആഹ്ലാദിച്ചു. എന്നാൽ ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും അംഗീകരിക്കാനാവാത്ത രാത്രി കാഴ്ചകൾ മനസ്സിനെ വല്ലാതെ തകർത്തുകളഞ്ഞു. ഇത്തരം അവസ്ഥകളിലേക്ക് ഭിന്നലിംഗക്കാരെ വലിച്ചെറിയാതെ സ്ത്രീക്കും പുരുഷനുമൊപ്പം അവരേയും പരിഗണിക്കുകയും തുറന്ന സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാൻ അവർക്ക് സാഹചര്യം ഒരുക്കിക്കൊടുക്കുകയും വേണ്ടതാകുന്നു. പാർശ്ശ്വവത്കരിക്കപ്പെട്ടു പോകുന്ന ഏതൊരു ക്ലാസ്സിനേയും ഒരു പരിഷ്കൃത ജനാധിപത്യ രാജ്യത്തിൽ ഉയർത്തിക്കൊണ്ടുവരേണ്ടത് ഒരു പൗരൻ എന്ന നിലയിൽ നമ്മുടെ കടമയാകുന്നു.
ഹരി എൻ ജി ചേർപ്പ്