Sunday, October 13, 2024
HomeFestivalsവിഷുപ്പടക്കം

വിഷുപ്പടക്കം

‘വിഷുക്കണി കണ്ടാല്‍ പിന്നെ കിടന്നുറങ്ങല്ലേ’
മുത്തശ്ശി ഓര്‍മ്മിപ്പിക്കും.
നേരം പുലരും മുമ്പാണ് കണി കാണുന്നത്. മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടച്ചു കഴിഞ്ഞു. ഉറക്കം വരാതിരിക്കാന്‍ എന്തു ചെയ്യും?

പണ്ട് മൊബൈലില്ല. സിനിമയില്ല. ലൈവായി ആഘോഷം കാണാൻ ടെലിവിഷനുമില്ല. നേരം വെളുക്കാന്‍ നേരമുണ്ട്.

അത് വിഷുപ്പടക്കത്തിന്റെ നേരമാണ്.

വിഷു പടക്കം പൊട്ടിച്ചുള്ള ആഘോഷമാണ്.
(തിരുവനന്തപുരത്തും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലും ദീപാവലിക്കാണ് പടക്കം പൊട്ടിക്കാറുള്ളത്.)

പണ്ടുപണ്ട്, ചൈനീസ് പടക്കങ്ങള്‍ ഇറങ്ങുന്നതിനും മുമ്പ് രണ്ടു തരമേയുള്ളൂ കരിമരുന്ന് ആഘോഷങ്ങള്‍. പൊട്ടുന്നതും കത്തുന്നതും. ലാത്തിരിയും പൂത്തിരിയും കമ്പിത്തിരിയുമാണ് കത്തുന്നത്. മേശപ്പൂവ് കത്തി ആകാശത്തേക്ക് വെളിച്ചം ഒഴുക്കും. തലച്ചക്രം വട്ടത്തില്‍ ചുറ്റിച്ചുറ്റി നിലത്ത് ചക്രം തിരിയും. പാമ്പു ഗുളിക നിലത്ത് പാമ്പിനെപ്പോലെ ഇഴയും.

പടക്കത്തില്‍ വെറും പടക്കമുണ്ട് . മാലപ്പടക്കമുണ്ട്. പിന്നെ കേമനായി ആനപ്പടക്കമുണ്ട്. ആ പൊട്ടലിലും പേടിക്കാത്ത മഹാധീരന്മാര്‍ക്ക് ഗുണ്ടുണ്ട്.

ശബ്ദമില്ലാതെ മാനത്തേക്ക് പറത്താവുന്ന റോക്കറ്റാണ് മറ്റൊരു ഐറ്റം. ഒരേ സമയം കത്തും. പൊട്ടും.

ഇതൊക്കെ വാങ്ങാന്‍ കാശെവിടെ? വിഷുക്കൈനീട്ടം കൊണ്ട് വാങ്ങാനാവില്ല. രണ്ടുണ്ട് കാരണം. ആദ്യത്തേത് അല്‍പനേരം മുമ്പ് കൈനീട്ടം കിട്ടിയിട്ടേയുള്ളൂ എന്നതു തന്നെ. രണ്ടാമത്തേത് മിക്കപ്പോഴും വിഷുക്കൈനീട്ടം ഒരു ഒറ്റ രൂപാ നാണയം മാത്രമാവും എന്നതാണ്.

‘ പടക്കം പൊട്ടിച്ചുള്ള കളിയൊന്നും അധികം വേണ്ട. വിഷുവായിട്ട് കൈപൊള്ളിച്ച് കണി ഒരുക്കേണ്ട’

പണ്ട് എല്ലാ കുട്ടികളും കേട്ടിട്ടുള്ള താക്കീതാണിത്. പറയുന്നതെല്ലാം ചെയ്തു തരുന്ന അച്ഛനമ്മമാര്‍ എവിടേയുമില്ല. വിഷു ഐശ്വര്യപൂര്‍ണമായ വര്‍ഷത്തിലേക്കുള്ള ചുവടുമാത്രമാണ്. ധൂര്‍ത്തിന്റെ തുടക്കമല്ല.

അപ്പോള്‍ പിന്നെ എന്തു ചെയ്യും ?
മദ്ധ്യവേനലവധിക്കാലത്ത് കുട്ടികളെല്ലാം പെട്ടെന്ന് അംബാനിമാരേയും അദാനിമാരേയും പോലെ വലിയ ബിസിനസ്സുകാരാവുന്ന കാലമായിരുന്നു അത്. രാവിലെ നേരത്തേ എണീക്കും. ഓട്ടം കശുമാവിന്‍ചോട്ടിലേക്കാണ്. നാട്ടിന്‍പുറത്ത് പറമ്പുകളിലെല്ലാം കശുമാവുള്ള കാലം. വിഷുക്കാലത്ത് കശുവണ്ടി പെറുക്കിയെടുക്കാന്‍ കുട്ടികള്‍ക്ക് അവകാശമുള്ള കാലമാണ്. കല്ലെറിഞ്ഞ് വീഴ്ത്താനും തോട്ടി കൊണ്ട് പൊട്ടിച്ചെടുക്കാനും പക്ഷേ അവകാശമില്ല. വിഷുത്തലേന്ന്് അത് വിറ്റു കിട്ടുന്ന പണമാണ് പടക്കത്തിനുള്ള മൂലധനം. നല്ല നേരമാണെങ്കില്‍ വീട്ടുകാരും ചെരിയ തോതില്‍ സഹായിക്കും. പക്ഷേ അമിത പ്രോത്സാഹനമില്ല.

ആദ്യം പടക്കം പൊട്ടിച്ചു തുടങ്ങിയാല്‍ നേരം വെളുക്കുമ്പോള്‍ കൂട്ടുകാര്‍ക്കിടയില്‍ ഒരു ഗമയാണ്. അധികം പടക്കമില്ലെങ്കില്‍ ചില സൂത്രങ്ങളുണ്ട്.

ആദ്യം വെറും പടക്കം കുറച്ച് പൊട്ടിക്കും. പിന്നെ ഇടവിട്ടിടവിട്ട് ആനപ്പടക്കങ്ങള്‍ . മറ്റുള്ളവരെല്ലാം പൊട്ടിച്ച് കഴിഞ്ഞാല്‍ വീണ്ടും വലിയശബ്ദമുള്ള ആനപ്പടക്കമോ ഗുണ്ടോ പൊട്ടിക്കും. ഒന്നു രണ്ടു പടക്കം നന്നായി നേരം വെളുക്കാന്‍ മാറ്റി വെക്കും. ആദ്യവും അവസാനവും പൊട്ടിച്ച് മിടുക്കരാവും.

അതിനിടെ ചിലപ്പോള്‍ ചില അപകടങ്ങളുണ്ടാവും. കത്താന്‍ ഉദ്ദേശിച്ചുള്ളതില്‍ ചിലത് പൊട്ടിത്തെറിക്കും. പൊട്ടാന്‍ ഉദ്ദേശിച്ചു വാങ്ങിയ ചിലത്
വെറുതേയങ്ങ് കത്തി നാണം കെടുത്തും. റോക്കറ്റുകള്‍ക്ക് ചിലപ്പോള്‍ വിക്ഷേപണത്തകരാറു സംഭവിക്കും. അപ്പോള്‍ ചിലത് അടുത്ത വീട്ടിലെ തെങ്ങിന്‍ മുകളില്‍ പതിക്കും. അല്ലെങ്കില്‍ തൊഴുത്തിനരികിലെ വൈക്കോല്‍കൂനയിലെത്തും.

പിന്നത്തെ കണിയാണ് കണി. യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട. നല്ല അടി വീട്ടില്‍ നിന്നു തന്നെ കിട്ടും. അതിനനുസരിച്ച് നാട്ടുകാരുടെ പരിഹാസവും ദയയും കിട്ടും. അക്കൊല്ലം പിന്നെ വളരെ ഡീസന്റായി കടന്നു പോകും. കുറുമ്പുകള്‍ക്ക് ഒരു സ്‌കോപ്പുമില്ലാതെ.

അടുത്ത കൊല്ലത്തെ വിഷു നല്ല നിലയ്ക്ക് കഴിയുവോളം ആ ദുഷ്‌പേര് മായാതെ കിടക്കും.

അടുത്ത വിഷുവിനും പൊട്ടാനുള്ളതു പൊട്ടും . കത്താനുള്ളതു കത്തും. കിട്ടാനുള്ളത് കിട്ടും.

(വിഷുപ്പടക്കം വാങ്ങുമ്പോള്‍ അറിയാന്‍… ലോകമെങ്ങും ആഘോഷങ്ങളില്‍ ചെറിയ കരിമരുന്നു പ്രയോഗങ്ങളുണ്ട്. ഹോമറിന്റെ കാലം തൊട്ടേ സള്‍ഫര്‍ അഥവാ ഗന്ധകം സര്‍വരോഗസംഹാരകമായി കണ്ടു വന്നതാണ് ഇതിനൊരു കാരണം. ആള്‍ക്കൂട്ടം പുറന്തള്ളുന്ന രോഗകാരകങ്ങളെ സംഹരിക്കാന്‍ വെടിക്കെട്ടിന് കഴിയുമെന്നാവുമോ പണ്ട് കരുതിപ്പോന്നത്? ആഹ് ! പോട്ടെ, നമുക്ക് വിഷു ആഘോഷിക്കാം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Read the article at  https://stories.impresa.in