ഒട്ടും ഇഷ്ടമില്ലാത്ത ജോലി കഷ്ടപ്പെട്ട് ചെയുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള ഒരു കാര്യമാണ്. അപ്പോൾ ഉണ്ടാകുന്നത് വിരസതയും മടുപ്പും മാത്രമായിരിക്കും. എന്നാൽ തന്റെ ഇഷ്ടം പാഷൻ ആക്കി അതിൽ നിന്നും വരുമാനം കണ്ടെത്തുന്നവരും നമ്മുടെ നാട്ടിൽ ഉണ്ട്. ഇല എന്നത് അത്തരം ഒരു ആഗ്രഹത്തിന്റെ പേരാണ്. ചുറ്റും കാണുന്ന നിറങ്ങളെ വസ്ത്രത്തിലെ ഇഷ്ടം വർണമായും ചിത്രമായും മാറ്റുന്ന വിനിത ഹരി എന്ന കലാകാരിയുടെ തീവ്രമായ ആഗ്രഹത്തിന്റെ പേര് തന്നെയാണ് ഇല ഹാൻഡ് പെയിന്റ്സ് എന്നത്. ഹാൻഡ് പെയിന്റേഡ് വസ്ത്രങ്ങളുടെ വളരെ വ്യത്യസ്ത ശേഖരം ആണ് ഇലയുടെ മാറ്റ്.ഇലയിലേക്കുള്ള യാത്ര
ടി ടി സി പഠന കാലത്താണ് വിനിത പഠനത്തിന്റെ ഭാഗമായി ഫാബ്രിക് പെയിന്റിംഗ് വർക്ക് ഷോപ്പിൽ പങ്കെടുക്കുന്നത്. അതിൽ ഒരു താല്പര്യം തോന്നി തുടങ്ങിയപ്പോൾ മുതൽ അമ്മയുടെ പഴയ സാരികളിൽ പരീക്ഷണം ചെയ്യാൻ തുടങ്ങി. “ആദ്യമാദ്യം സാരി തന്നിരുന്ന അമ്മ പിന്നെ സാരിയിൽ തൊട്ടാൽ കൈ വെട്ടും എന്ന അവസ്ഥ വരെ ആയി. കൂട്ടുകാർക്കും ടീച്ചേർസിനും ആയിരുന്നു ആദ്യമൊക്കെ വെറുതെ ചെയ്തു കൊടുക്കാമായിരുന്നു. വിനിത പറയുന്നു.
ടി ടി സി കഴിഞ്ഞു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന സമയത്ത് അപ്രതീക്ഷിതമായി ഒരു അതിഥി വിനിതയെ തേടി എത്തി. നടക്കാൻ പോലും കഴിയാത്ത നടുവേദന. സ്‌കാനിംഗിനൊടുവിൽ ഡിസ്ക് ബൾജിങ്ങ് ആണ് കാരണം എന്ന് കണ്ടെത്തി. “സ്കൂളിലെ സ്റ്റെപ്പസ് ഒന്നും കയറാനോ അധിക നേരം ക്ലാസ്സിൽ നിൽക്കാനോ പറ്റാത്ത വിധം വല്ലാത്ത ഒരു അവസ്ഥയിലേക്ക് വന്നപ്പോൾ രാജി വയ്ക്കുക എന്ന ഓപ്ഷൻ അല്ലാതെ വേറെ വഴി മുൻപിൽ ഉണ്ടായിരുന്നില്ല. ബെൽറ്റ് ഇടാതെ നേരെ നിവർന്നു നിൽക്കാൻ കഴിയില്ലായിരുന്നു. വല്ലാത്ത മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സമയമായിരുന്നു. വിനിത ആ സങ്കടകാലത്തെ കുറിച്ച് പറയുന്നു.
സ്കൂളിൽ നിന്നും രാജി വച്ചു നിൽക്കുമ്പോ ഇനി എന്ത് എന്ന ചോദ്യം തന്നെ വല്ലാതെ അലട്ടിയിരുന്നതായും വിനിത ഓർമിക്കുന്നു.
വഴിതെളിച്ചു തന്ന സൗഹൃദം
വേദനകളെ മാത്രം ഫോക്കസ് ചെയ്തു തന്നെ കൊണ്ട് ഇനി ഒന്നും ചെയ്യാൻ സാധിക്കില്ല എന്നൊക്കെ വിചാരിച്ചു നെഗറ്റീവ് ആയി കഴിഞ്ഞിരുന്ന സമയത്താണ് നിയോഗം പോലെ മറ്റു രണ്ടു സംരംഭകർ വിനിതയുടെ ജീവിതത്തിലേക്ക് വരുന്നത്. എറണാകുളം പനമ്പിള്ളി നഗറിൽ ജ്വല്ലറി ബ്യുട്ടിക് നടത്തിയിരുന്ന ജ്യോതിയും മുരളിയും. അവരുടെ പ്രോത്സാഹനവും മാർഗ നിർദേശങ്ങളും അതുവരെ വേദനയുടെ ഇരുട്ടിൽ കഴിഞ്ഞിരുന്ന വിനിതയ്ക്ക് നൽകിയ ആശ്വാസവും ആത്മവിശ്വാസവും ചെറുതല്ല. ആ സൗഹൃദത്തിന്റെ തണലിൽ ഇല തളിർത്തു എന്ന് പറയാം. അപ്പോഴും പണി തന്നു കൊണ്ട് നടുവേദന കൂട്ടുണ്ടായിരുന്നു.
” കുറെ നേരം ഒന്നും ഇരിക്കാൻ പറ്റാത്ത ഞാൻ സമയം ക്രമീകരിച്ചും നടുവിന് ബെൽറ്റ് ഇട്ടു സപ്പോർട്ട് കൊടുത്തും ഇലയുടെ ആദ്യത്തെ എക്സ്ക്ലൂസീവ് ആയിട്ടുള്ള 30 ഹാൻഡ്‌പെയിന്റേഡ് സാരികൾ റെഡി ആക്കി ആ ഓണകാലത്ത്. ” ചലച്ചിത്ര താരം ശ്രീമതി മല്ലിക സുകുമാരൻ ആയിരുന്നു ഇലയുടെ ഔദ്യോഗിക ഉത്ഘാടനം നടത്തിയത്. ആ മുപ്പതു സാരികൾ എല്ലാം തന്നെ വിറ്റു പോകുകയും ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിൽ ആ സന്തോഷം വിനിതയ്ക്ക് വലുതായിരുന്നു.
ഡിസൈനുകളിലെ വ്യത്യസ്തത
ചുറ്റും കാണുന്ന പതിവ് മ്യൂറൽ പെയിന്റിംഗുകളിൽ നിന്ന് ഇലയിൽ എങ്ങനെ വേറിട്ട രീതി സ്വീകരിക്കാം എന്നതായിരുന്നു ആദ്യ വില്പനക്ക് ശേഷം വിനിത ചിന്തിച്ചത്. മലയാളം അക്ഷരങ്ങൾ, തമിഴ് അക്ഷരങ്ങൾ എന്നിവ സാരിയിൽ എങ്ങനെ പുനർസൃഷ്ടിക്കാൻ സാധിക്കും എന്നതിന് തെളിവാണ് ടൈപ്പോഗ്രാഫി സാരികൾ. അത് പോലെ തന്നെ ഈജിപ്ഷ്യൻ ആർട്ട് കേരള കസവു സാരിയിൽ പുതുമയോടെ പരീക്ഷിച്ചിട്ടുണ്ട്. ” നമ്മുടെ കേരള സാഹിത്യത്തിലെ പല പുസ്തകങ്ങളുടെ കവർ പേജുകൾ സാരിയിൽ പുനരാവിഷകരിച്ചിട്ടുണ്ട്. ടി ഡി രാമകൃഷ്ണൻ സാറിന്റെ സുഗന്തി എന്ന ആണ്ടാൾ നായകിയും എം ടി സാറിന്റെ രണ്ടാമൂഴവും ഒക്കെ അങ്ങനെ സാരിയിൽ ഒരു പെയിന്റിംഗ് ആയി ചെയ്യാൻ സാധിച്ചിട്ടുണ്ട്. വിനിത പറയുന്നു. സാരിയിലും കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിലും ചെയുന്ന പോർട്രൈറ്റ് ഡിസൈനുകൾ ആണ് മറ്റൊരു പരീക്ഷണം. പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാൻ ആവശ്യപ്പെട്ടു വരുന്നവർക്കാണ് വിനിത ഇത്തരത്തിൽ കസ്റ്റമൈസ്ഡ് ഡിസൈൻ ചെയ്തു കൊടുക്കുന്നത്. പിന്നെ ഫ്ലോറൽ ഡിസൈൻസും പിച്ചവൈ പെയിന്റിംഗും മധുബാനി ആർട്ടും വാർളി പെയിന്റിംഗും ഒക്കെ ഇല സാരിയിൽ പുതിയ നിറലോകം തീർത്തു. അത് പോലെ തന്നെ കസ്റ്റമറിന്റെ കൈ വശം ഉള്ള ബ്ലൗസ് വച്ചു അതേ ബ്ലൗസിലെ ഡിസൈൻ സാരിയിൽ വരച്ചും ബ്ലൗസിൽ മാത്രം ഡിസൈൻ വരച്ചും ഒരു യൂണിക്നെസ്സ് കൊണ്ട് വരാൻ ശ്രെദ്ധിക്കുന്ന വിനിത ഈ നാളുകൾ അത്രയും തന്റെ പാഷനെ മുറുകെ പിടിച്ചു കൊണ്ട് മാത്രം ആണ് ജീവിക്കുന്നത്.
മിനിലിസ്റ്റിക് ഡിസൈൻസ് ആവശ്യപ്പെട്ടു വരുന്നവരും ഉണ്ടെന്നു വിനിത പറയുന്നു.
കവിതയും വരയും
നിറങ്ങൾ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് അധികം നാളുകൾ ആയില്ലെങ്കിലും കവിത കൂട്ട് വന്നിട്ട് വർഷങ്ങൾ ആയി. കോളേജിലെ പഠന കാലത്ത് ആണ് മലയാളനാട് വെബ് കമ്മ്യൂണിറ്റിയുടെ യുവകവി പുരസ്‌കാരം വിനിതയെ തേടി എത്തിയിട്ടുണ്ട്. അന്ന് മഹാകവി അക്കിത്തത്തിന്റെ കൈയിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങാൻ കഴിഞ്ഞതാണ് തന്റെ എഴുത്തു ലോകത്തെ വലിയ സന്തോഷം. 2013 ൽ പുറത്തിറങ്ങിയ ഫോസിലുകൾ എന്ന കവിത സമാഹാരവും വിനിതയുടേതായിട്ടുണ്ട്. കവിത ഹൃദയത്തോട് ചേർന്നിട്ടു വർഷങ്ങളായി. എന്നാൽ പെയിന്റിംഗ് തനിക്കു വലിയ ഒരു റിലീഫ് ആണെന്നും സമയം നോക്കാതെ എത്ര നേരം വേണമെങ്കിലും ഇരിക്കാൻ സാധിക്കുന്ന ഒന്നാണ് എന്നും വിനിത പറയുന്നു. “2022ൽ മാതൃഭൂമി ക്ലബ് എഫ് എം ന്റെ ലേഡി സ്മാർട്ട് അപ്പ് പുരസ്‌കാരം ഇല യ്ക്ക് കിട്ടിയ വലിയ അംഗീകരമാണ്. ഞാൻ ഫിസിക്കലി ഒത്തിരി വീക്ക് ആയി നിന്നിരുന്ന സമയമായിരുന്നു അത്. എന്നെ മുന്നോട്ടു പോകാൻ ഇത്തരം അംഗീകാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട് ” വിനിത കൂട്ടി ചേർത്തു.
“കൂട്ടുകാർ തന്നെയാണ് എന്റെ സാരികളുടെ മോഡൽ. ഫോട്ടോഗ്രാഫർമാരും അത് പോലെ തന്നെ സുഹൃത്തുക്കൾ ആയതു കൊണ്ട് പരസ്പരം സഹായിച്ചു കൊണ്ട് ഞങ്ങൾ മുന്നേറുന്നു. ഇനിയും കൂടുതൽ ദൂരം മുന്നോട്ടു പോകാൻ തന്നെയാണ് ആഗ്രഹം. നമ്മൾ മനുഷ്യർ എല്ലാവരും വേദനകൾക്ക് മുകളിൽ തളിർത്തു നിൽക്കുന്നവരാണ്.. അങ്ങനെ നമ്മളെ നിർത്താൻ സഹായിക്കുന്നത് നമ്മുടെ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ്.”
വിനിത പറഞ്ഞു നിർത്തി. ഇലയുടെ പ്രതീക്ഷകളിൽ എപ്പോഴും പേര് പോലെ തന്നെ ഒരു നേർത്ത നനവും ആർദ്രതയും നിറഞ്ഞു നിൽക്കുന്നു.. എന്നും അങ്ങനെ തന്നെ ആവട്ടെ.