Sunday, October 13, 2024
HomeFestivalsകൺനിറയെ കണി കാണുമ്പോൾ …

കൺനിറയെ കണി കാണുമ്പോൾ …

പുതുവത്സരത്തിന്റെ കണി കൂടിയാണ്.
വരുംവര്‍ഷത്തെ മുഴുവന്‍ ഐശ്വര്യങ്ങളിലേക്കും തുറക്കുന്ന വാതില്‍.

പണ്ട് വിഷുവിന് കണിയൊരുക്കിയിരുന്നത് വീട്ടിലും പരിസരത്തുമുള്ള വിഭവങ്ങള്‍ കൊണ്ടായിരുന്നു. റെഡിമേയ്ഡ് വിഷു സാധ്യമല്ലായിരുന്നു. പുറത്തു നിന്ന് വാങ്ങാന്‍ മലയാളിയുടെ കയ്യില്‍ അത്ര പണവും ഉണ്ടായിരുന്നില്ല. എന്നാലും വിഷു കേമമായി തന്നെ ആഘോഷിച്ചു പോന്നു. പ്രത്യേകിച്ചും കൊച്ചി, മലബാര്‍ മേഖലകളില്‍.

വിഷുക്കണി ഒരുക്കാന്‍ തലേന്ന് തന്നെ തുടങ്ങും തയ്യാറെടുപ്പുകള്‍. കണിയൊരുക്കുന്ന താലത്തില്‍ വയ്‌ക്കേണ്ടുന്നതെല്ലാം എത്തിക്കലാണ് ആദ്യ പണി.

കണി വെള്ളരിയാണ് ഇതില്‍ പ്രധാനം. പാടത്തെ വെള്ളരിക്കണ്ടത്തില്‍ വിളയുമ്പോള്‍ തന്നെ ഇക്കൊല്ലത്തെ കണി ഏത് എന്ന കാര്യത്തില്‍ വീട്ടില്‍ ധാരണയാവും. കുട്ടികള്‍ക്കടക്കം അത് തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. ചേലുറ്റ, നല്ല നിറത്തില്‍ പഴുക്കുന്ന സ്വര്‍ണവെള്ളരിയാണ് പൊതുവേ തിരഞ്ഞെടുക്കാറുള്ളത്. ചിലപ്പോള്‍ അത് ചുവന്ന വരകളുള്ള മിന്നുന്ന ചന്തമാവും. ലക്ഷണമൊത്തതു കിട്ടിയില്ലെങ്കില്‍ അടുത്ത വീട്ടുകാര്‍ക്കും തലേന്ന് വെള്ളരിക്കണ്ടത്തില്‍ ഇറങ്ങാം മലബാറിലെ കണിവെള്ളരി തെക്കോട്ടില്ല. കണിവെള്ളരി വിഷുക്കണിക്ക് പ്രത്യേകം തയ്യാറാക്കുന്നതാണ്. ഇപ്പോള്‍ വിദേശത്ത് അടക്കം കണിവെള്ളരിക്ക് വിപണിയുണ്ട്.

vishu kani credits: https://mannarcraft.com/

സാധാരണ ഓട്ടുരുളിയിലാണ് കണി വയ്ക്കാറുള്ളത്. ഉരുളിയില്‍ വിരിച്ച അലക്കിയ വെളുത്ത മുണ്ടില്‍ കണിവിഭവങ്ങള്‍ നിരത്തും. നടുവില്‍ വാല്‍ക്കണ്ണാടി. വാല്‍ക്കണ്ണാടിയെ സ്വര്‍ണമാല കൊണ്ട് അലങ്കരിക്കും. ഉരുളിയില്‍ ശ്രീകൃഷ്ണന്റെ ചിത്രമോ ശില്‍പമോ വയ്ക്കും. ഉരുളിയിൽ കൊള്ളുന്ന ചെറിയ വിഗ്രഹമില്ലെങ്കിൽ പുറത്ത് വച്ചിട്ടുള്ള വലിയ ശ്രീകൃഷ്മചിത്രത്തിനോ വിഗ്രഹത്തിനോ മുന്നിലാവും കണി കണിക്കൊന്നപ്പൂക്കളാല്‍ അത് അലങ്കരിക്കും. വശങ്ങളിലായി കണിവെള്ളരിയും പഴവും. അരിത്തിരി ഉരുളിയില്‍ കത്തിച്ചു വയ്ക്കും.

ഉടച്ച തേങ്ങാമുറിയില്‍ അരി നിറച്ച തുണിത്തിരി കത്തിക്കുന്നതാണ് അരിത്തിരി. ഇടങ്ങാഴിയില്‍ പുന്നെല്ല്. ഉരുളിയിൽ ഉണങ്ങലരി. ഉരുളിക്ക് പുറത്ത് നിലവിളക്ക് കൊളുത്തി വച്ചിരിക്കും. നിലവിളക്കിൻ തുമ്പത്ത് ഒരു തുളസീദളം തൊടുവിക്കും. ഉരുളിയുടെ ഒരു വശത്ത് മാങ്ങയും വയ്ക്കും.. മറ്റ് പഴങ്ങൾ ഉണ്ടെങ്കിൽ അതും വയ്ക്കും. എല്ലാത്തിനും മീതേ കണിക്കൊന്നപ്പൂക്കള്‍ വിതറും

രാവിലെ സാധാരണയായി വീട്ടിലെ മുതിര്‍ന്ന ആളോ ഗൃഹനാഥനോ ഗൃഹനാഥയോ എണീറ്റ് വിളക്കു കൊളുത്തും. പിന്നെ ഹൃദയം തൊട്ടുള്ള പ്രാര്‍ത്ഥന
‘വരും കൊല്ലം അല്ലലില്ലാതെ പോകണേ’
തുടര്‍ന്ന് ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണി കാണിക്കലായി. പിന്നെ വിളക്കിന് മുന്നിൽ വച്ചിട്ടുള്ള കൈനീട്ടത്തിന്റെ നേരമായി. മൂന്നു വെറ്റിലയും നല്ലൊരു പഴുക്കടയ്ക്കയും ഒരു നാണയവും ഒരു സ്വർണമോതിരവും അടങ്ങുന്നതാണ് കൈനീട്ടം. അത് വാങ്ങി തൊഴുത് കണ്ണിൽ വച്ച് തിരികെ വയ്ക്കും.

വീട്ടില്‍ എല്ലാവരും കണ്ടു കഴിഞ്ഞാല്‍ കണിയുരുളിയുമായി വീടിനെ പ്രദക്ഷിണം വയ്ക്കും. വാതില്‍ തുറന്ന് പുറത്തിറങ്ങുമ്പോള്‍ കിഴക്കേ മുറ്റത്തെ തേന്മാവിനെ ആദ്യം കണി കാണിക്കും.
പ്രാര്‍ത്ഥന ഒന്നേയുള്ളൂ.

‘ അടുത്ത കൊല്ലവും തരണേ, കൊതി തീരുവോളം മാമ്പഴങ്ങള്‍’

പ്രദക്ഷിണം തുടരുന്നു. കാലിത്തൊഴുത്തിലാണ് അടുത്ത കണി. കെട്ടിയിട്ട പശുക്കളെ കണി കാണിക്കലാണ് പ്രധാനം. പുലര്‍ച്ചെ വിളക്കു കാണുമ്പോള്‍ പശുക്കള്‍ എണീക്കും. മണി മുഴക്കത്തിനിടെ എല്ലാവരോടുമായി കണി കാണിക്കല്‍.

‘ നല്ലോണം കണ്ടോ കണി, പൈക്കളേ. നിറയെ പുല്ലു കിട്ടുന്ന കൊല്ലം വരട്ടെ. നിറച്ചും പൈക്കിടാങ്ങളുണ്ടാവട്ടെ’

വടക്കേ പറമ്പിലെ വരിക്കപ്ലാവിന്റെ ചോട്ടില്‍ പിന്നെ കണിയുരുളി നില്‍ക്കും. എന്നിട്ടേ അടുത്ത ചുവടു പാടുള്ളൂ. നെല്ലിനെപ്പോലെ തന്നെ ഒരു കാലത്ത് മലയാളി വിശപ്പ് മാറ്റിയത് ചക്ക കൊണ്ടാണ്. പ്ലാവിന് കണി പിടിച്ചാല്‍ നിറയെ ചക്ക പിടിക്കും.

‘ ഭഗോതീ, വേരിലും കായ്ക്കണേ വരും കൊല്ലം ചക്ക.’

മുന്നോട്ട് വരുമ്പോള്‍ കിണറ്റിന്‍ കരയിലെത്തും. അവിടെ ജലത്തോടുള്ള പ്രാര്‍ത്ഥന.

‘ കുടിവെള്ളം മുട്ടിക്കല്ലേ തേവരേ’

പിന്നെ കിഴക്കേപ്പുറത്തെത്തി നേരേ പടിവാതില്‍ തുറക്കും. പാടത്തിനേയും പറമ്പിനേയും പാതയേയും ധ്യാനിക്കലാണ്. ലോകത്തിലേക്കുള്ള തുറക്കലാണ്. ആ കണി പിന്നെ, മുഴുവന്‍ പ്രകൃതിയുടേതുമാണ്.

പുലരും മുമ്പേയാണ് കണി. രാവും പകലും തുല്യമായ നാളില്‍ പ്രകൃതിയിലേക്കുള്ള തിരിച്ചുനടത്തമാണ് കണി. പഞ്ചഭൂതങ്ങളോടും മരങ്ങളോടും ചെടികളോടും മൃഗങ്ങളോടുമുള്ള പ്രാര്‍ത്ഥനയാണ് വിഷുക്കണി. ഒരു ഉറുമ്പിനുള്ളത്ര അധികാരമേ ഈ ഭൂമിയില്‍ മനുഷ്യനും ഉള്ളൂ എന്ന അറിവാണ് അത്. ഉറുമ്പിനേക്കാള്‍ നിസ്സഹായനാണ് മനുഷ്യന്‍ എന്ന തിരിച്ചറിവു കൂടിയാണ് വിഷുക്കണി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Read the article at  https://stories.impresa.in