അങ്ങ് ചന്ദ്രഗിരിപ്പുഴ മുതൽ കോഴിക്കോടിൻ്റെ വടക്ക് കോരപ്പുഴ വരെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ തെയ്യക്കോലങ്ങൾ കെട്ടിയാടപ്പെടുന്നത്. പഴയ കോലത്തു നാടിൻറെ ഭാഗമായ ഈ സ്ഥലങ്ങളിലെ അതിവിശിഷ്ടമായ ഈശ്വരാരാധനയാണ് തെയ്യാട്ടം എന്ന തെയ്യം.
ഉത്തരകേരളത്തിലെ ആളുകളുടെ ജീവിതവുമായി കാവുകൾക്കും തെയ്യങ്ങൾക്കും മറ്റ് ആചാരാനുഷ്ടാനങ്ങൾക്കും വലിയ ബന്ധമാണുള്ളത്. കിഴക്കൻ മലനിരകൾക്കും സമുദ്രത്തിനും മധ്യേ കോരപ്പുഴ മുതൽ ചന്ദ്രഗിരി പുഴ വരെ വ്യാപിച്ചുകിടക്കുന്ന പഴയ നാട്ടുരാജ്യമാണ് കോലത്തുനാട് കോലത്ത് നാടിന്റെ തനതു സംസ്ക്കാരം മനസിലാക്കാൻ പലപ്പോളും ഈ തെയ്യാട്ടങ്ങളിൽ കൂടി ഒരു യാത്ര ചെയ്യാവുന്നതാണ്.
തെയ്യം കെട്ടിയാടുക എന്നതിന്റെ ചുരുക്കപ്പേരാണ് തെയ്യാട്ടം. തെയ്യം കെട്ടുന്ന വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. പുരാതന നർത്തന രൂപങ്ങളിൽ ഒന്നാണ് തെയ്യാട്ടം എന്നാണു ചരിത്രകാരന്മാർ പറയുന്നത്.
അഞ്ഞൂറിലധികം തെയ്യങ്ങളുണ്ടെന്നു പറയുമ്പോളും കേരളത്തിൽ നൂറ്റി ഇരുപത്തിയഞ്ചു തെയ്യക്കോലങ്ങളാണ് സാധാരണായായി കെട്ടിയാടാറുള്ളത്.
മലയാള മാസമായ തുലാം പത്ത് അഥവാ പത്താമുദയത്തിനു ഉത്തരമലബാറിലെ തെയ്യക്കാലത്തിനു തുടക്കം കുറിയ്ക്കും. പിന്നീടുള്ള ഏഴു മാസങ്ങൾ ഉത്തര കേരളത്തിന് കളിയാട്ടക്കാലമാണ്. ഇടവപ്പാതിയിൽ (ഏകദേശം ജൂൺ 15) ഒരു വർഷത്തെ കളിയാട്ടക്കാലത്തിന് ഇനിയടുത്ത തെയ്യക്കാലത്തെ കാത്തിരിപ്പ് മനസ്സിലിട്ട് തെയ്യക്കാലം അവസാനിക്കും.
ചെണ്ട, ഇലത്താളം തുടങ്ങിയ പരമ്പരാഗത വാദ്യങ്ങളുടെ താളാത്മകമായ താളങ്ങളുടെ അകമ്പടിയോടെ അനുഷ്ഠാനപരമായ നൃത്തം കാണികൾക്ക് ഒരു ആഴത്തിലുള്ള അനുഭവമാണ് നൽകുന്നത് .
പ്രതീകാത്മകതയ്ക്കും സാംസ്കാരിക പ്രാധാന്യത്തിനും വടക്കൻ കേരളത്തിലെ നാടോടിക്കഥകളിൽ ആഴത്തിൽ വേരൂന്നിയ തീക്കുട്ടിച്ചാത്തൻ തെയ്യം ദൈവികതയുടെയും നാടോടിക്കഥകളുടെയും പ്രകടനമാണ്, ഊഷ്മളമായ ആചാരങ്ങളും നിഗൂഢമായ വശീകരണവും കൊണ്ട് നാട്ടുകാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന തീക്കുട്ടിച്ചാത്തൻ തെയ്യത്തിൻ്റെ തെയ്യാട്ടം ഒരിക്കലെങ്കിലും കാണേണ്ട ഒന്നാണ്.
തീക്കുട്ടിച്ചാത്തൻ തെയ്യത്തിൻ്റെ അവതരണം കണ്ണഞ്ചിപ്പിക്കുന്നതാണ്. വിപുലമായ വേഷവിധാനത്തിലും ചടുലമായ മേക്കപ്പിലും അലംകൃതമായ തെയ്യം കലാകാരൻ തീക്കുട്ടിച്ചാത്തൻ്റെ ചൈതന്യത്തെ അത്യധികം ഭക്തിയോടെ ഉൾക്കൊള്ളുന്നു.സൗന്ദര്യാത്മക ആകർഷണത്തിനപ്പുറം, തീക്കുട്ടിച്ചാത്തൻ തെയ്യത്തിനു പ്രദേശവാസികളുടെ ജീവിതത്തിൽ ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ട്.
ശിവനും പാർവ്വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോൾ അവർക്കുണ്ടായ പുത്രനാണ് കുട്ടിച്ചാത്തൻ എന്നാണ് പറയുന്നത് . മക്കളില്ലാത്ത ദുഃഖത്തിൽ കഴിഞ്ഞിരുന്ന കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് ദൈവദത്തമായി ഈ കുട്ടിച്ചാത്തനെ മകനായി ലഭിച്ചു. അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തൻ ബ്രാഹ്മണാചാരങ്ങൾക്ക് വിരുദ്ധമായ ശീലങ്ങൾ അനുവർത്തിക്കാൻ തുടങ്ങി. പഠിപ്പിൽ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാൻ ചാത്തൻ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന ചാത്തനെ ഗുരുനാഥൻ കുട്ടിച്ചാത്തനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. ഇതി കോപിഷ്ടനായ ചാത്തൻ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.
തുടർന്ന് കാളകാട്ടില്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ചാത്തൻ ഒരു കാളയെ അറുത്ത് ചോരകുടിച്ചു. ഇതിൽ കോപാകുലനായ നമ്പൂതിരി ചാത്തനെ ശിക്ഷിച്ചു. ഇത് ഇല്ലത്തെ അമ്മയുടെ ഏഷണി നിമിത്തമാണെന്ന് വിചാരിച്ച ചാത്തൻ അമ്മയുടെ മാറിലേക്ക് കല്ലെറിഞ്ഞു. ഇതിൽ രോഷാകുലനായ നമ്പൂതിരി ചാത്തനെ വെട്ടിക്കൊന്നു. പക്ഷെ ചാത്തൻ ചത്തില്ല. വാശി കൂടിയ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡം തീർത്തു.
വീണ്ടും ചാത്തനെ വെട്ടി 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളിൽ നിന്ന് അനേകം ചാത്തന്മാരുണ്ടായി. അഗ്നിനൃത്തം വെച്ച് ചാത്തൻ കാളകാട്ടില്ലവും,സമീപത്തെ ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു. ഉപദ്രവകാരിയായി നാട്ടിൽ നടന്ന ചാത്തനെ അടക്കാൻ ,കോലം കെട്ടി പൂജിക്കാൻ തീരുമാനിച്ചു. അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാൻ തുടങ്ങി. ഇങ്ങനെയാണ് കുട്ടിച്ചാത്തൻ തെയ്യം പിറവിയെടുത്തത് എന്നാണ് ഐതിഹ്യം.